തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാര്‍ത്താസമ്മേളനം. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളില്‍ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം എത്തി നില്‍ക്കുകയാണ് ആരോപണങ്ങള്‍. വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളില്‍ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയുള ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എംആര്‍. അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂര്‍ണ ഉത്തരവാദിത്വം കമ്മീഷണറില്‍ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാര്‍ശ എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.