തിരുവനന്തപുരം: പോക്‌സോ കേസില്‍ റിമാന്‍ഡിലായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്. ക്രിക്കറ്റ് കളിക്കാനുള്ള അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്‌നഫോട്ടോയെടുക്കാന്‍ വരെ നിര്‍ബന്ധിച്ചുവെന്നും, വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നല്‍കി ഒരു കുട്ടിയെ ഉപദ്രവിച്ചുവെന്നും ഉള്‍പ്പെടെ നീളുന്നു മനുവിനെതിരെയുള്ള പരാതികള്‍. ആറ് പോക്‌സോ കേസില്‍ പ്രതിയായ മനുവിനെ ഇന്ന് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡില്‍ വാങ്ങും. കെസിഎയുടെ കോച്ചായ മനുവിനെതിരെ രണ്ടു വര്‍ഷം മുമ്പാണ് ഒരു പെണ്‍കുട്ടി പരാതി നല്‍കുന്നത്. പൊലീസ് കേസെടുത്ത് കുറ്റപത്രം നല്‍കിയെങ്കിലും കോടതിയില്‍ പരാതിക്കാരി മൊഴി മാറ്റിയതോടെ മനുവിനെ കുറ്റവിമുക്തനാക്കി. പോക്‌സോ കേസില്‍ പ്രതിയായിട്ടും മനുവിനെ മാറ്റാന്‍ കെസിഎ തയ്യാറായില്ല.
ഒരു മാസം മുമ്പ് വീണ്ടും ക്രിക്കറ്റ് ക്യാമ്പിലെത്തിയ ഒരു പെണ്‍കുട്ടിയാണ് രണ്ടു വര്‍ഷം മുമ്പുണ്ടായ ദുരനുഭവം പരാതിയായി പൊലീസിന് നല്‍കിയത്. കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ കഴിഞ്ഞ മാസം 12 ന് മനുവിനെ അറസ്റ്റ് ചെയ്തു. മനു ഇപ്പോള്‍ ജയിലിലാണ് പിന്നാലെ അഞ്ചു പരാതികള്‍ കൂടിവന്നു. തെങ്കാശിയില്‍ ക്രിക്കറ്റ് പരിശീലനത്തിനെന്ന പേരില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഒരു പരാതി. തലയില്‍ പന്തുകൊണ്ടപ്പോള്‍ വേദനസംഹാരിക്കു പകരം മയങ്ങാനുള്ള മരുന്നു നല്‍കി ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്. മനുവിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത കുട്ടികളെ ടൂർണമെന്റുകളിൽ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നാണ് ഇപ്പോള്‍ ചില രക്ഷിതാക്കള്‍ തുറന്നു പറയുന്നത്. സ്വന്തം ഫോണ്‍ നല്‍കിയ ശേഷം കുട്ടികളോട് നഗ്നചിത്രം പകര്‍ത്തി നല്‍കാന്‍ വരെ ആവ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് ടൂർണമെന്റുകളിൽ സെലക്ഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചില രക്ഷിതാക്കളില്‍ നിന്നും പണവും മുന്തിയ ഫോണും മനു വാങ്ങിയതുള്‍പ്പെടെ അന്വേഷിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കെസിഎയുടെ ഭാഗത്ത് ഈ സംഭവത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. പീഡന പരാതി ഉണ്ടായിട്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലക സ്ഥാനത്ത് വീണ്ടും മനുവിനെ തന്നെ നിയോഗിച്ചതിന് പിന്നിലെ ഉദ്ദേശവും വ്യക്തമല്ല.