മുംബെെ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവർ അറസ്റ്റിലായി. അഞ്ച് പ്രതികള്‍ക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊല നിർവ്വഹിക്കാൻ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് സംഘം നിയോഗിച്ചത്.
സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അന്വേഷണത്തിൽ ലോറന്‍സ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായി.
നവിമുംബൈ പോലീസ് കേസിലെ പ്രതികളെ പിടികൂടി. 25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി പ്രതികളുമായി നടനെ കൊലപ്പെടുത്താൻ കരാര്‍ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
നടനെ കൊലപ്പെടുത്താനുള്ള പദ്ധതി പ്രതികൾ 2023 ഓഗസ്റ്റ് മുതല്‍ തന്നെ ആരംഭിച്ചു. കൃത്യം നടത്തുന്നതിനായി പാകിസ്ഥാനിൽ നിന്നുൾപ്പെടെ പ്രതികൾ ആയുധം ശേഖരിച്ചു. നേരത്തെ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുര്‍ക്കിഷ് നിര്‍മിത സിഗാന തോക്കും, എകെ 47 തോക്കുകളും പ്രതികളുടെ കൈവശമുണ്ടായിരുന്നു എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ആയുധങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം താരത്തെ നിരീക്ഷിക്കാനായി ഏകദേശം 70-ഓളം പേരെ പ്രതികൾ ഏർപ്പാടാക്കി. സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീട്, പന്‍വേലിലെ ഫാംഹൗസ്, കൊറെഗാവിലെ ഫിലിം സിറ്റി എന്നിവിടങ്ങളെല്ലാം ഇവരുടെ നിരീക്ഷണത്തിലായിരുന്നു. 18 വയസ്സില്‍ താഴെ പ്രായമുള്ളവരെയാണ് നടനെ വധിക്കാനായി സംഘം റിക്രൂട്ട് ചെയ്‌തതെന്നും ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ട ഗോള്‍ഡി ബ്രാര്‍, അന്‍മോള്‍ ബിഷ്‌ണോയി തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആക്രമണം നടത്താനായാണ് ഇവര്‍ കാത്തിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.