CMDRF

കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കും; വിദ്യാഭ്യാസ മന്ത്രാലയം

കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കും; വിദ്യാഭ്യാസ മന്ത്രാലയം
കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കും; വിദ്യാഭ്യാസ മന്ത്രാലയം

മസ്‌കത്ത്: ഒന്നുമുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകളുടെ ഭാരം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിയുമായി ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. കുട്ടികള്‍ ഭാരമുള്ള സ്‌കൂള്‍ ബാഗുകള്‍ ചുമക്കുന്നതിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. നട്ടെല്ലിനടക്കം ക്ഷതമുണ്ടാവാനും കുട്ടികള്‍ വീഴാനും സാധ്യത കൂടുതലാണ്. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. സ്‌കൂള്‍ ബാഗുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.മാര്‍ക്കറ്റില്‍ ലഭിക്കുന്ന സ്‌കൂള്‍ ബാഗുകളില്‍ പലതും ഭാരം കൂടിയതും കുട്ടികള്‍ക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തുമാണ്. പുസ്തകം പഠനോപകരണങ്ങള്‍ എന്നിവക്കൊപ്പം പുസ്‌കതത്തിന്റെ ഭാരം കൂടിയാവുമ്പോള്‍ കുട്ടികളുടെ പ്രയാസം വര്‍ധിക്കുന്നു.

അതിനാല്‍, കുട്ടികള്‍ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്. ബാഗുകള്‍ നിര്‍മിക്കുന്നത് നല്ല ഗുണനിലവാരമുള്ള വസ്തുക്കള്‍ കൊണ്ടാവണമെന്നും ഭാരം കുറഞ്ഞവയായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ വരാന്‍ പാടില്ല. സ്‌കൂള്‍ ബാഗിലെ ചുമലിലിടുന്ന വള്ളികള്‍ വീതി കൂടിയതും മൃദുലാമായതുമായിരിക്കണം. ഇത് കുട്ടിയുടെ ശരീര പ്രകൃതിക്കനുസരിച്ച് ചെറുതാക്കാനും കഴിയുന്നതാകണം. പുസ്തക സഞ്ചിയുടെ പല ഭാഗങ്ങളിലായി നിരവധി പോക്കറ്റുകള്‍ ഉണ്ടാകണം. ബാഗ് ശരീരത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാകണം.

ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗ് ഭാരം കുറക്കാനായി ചില നിര്‍ദേശങ്ങളും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. ഈ ക്ലാസിലെ കുട്ടികള്‍ 80 ഷീറ്റുള്ള രണ്ട് നോട്ട് പുസ്തകങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ. മന്ത്രാലയം നല്‍കുന്ന പുസ്തകങ്ങള്‍ക്ക് പുറത്ത് ബൈന്‍ഡ് ചെയ്യാനും മറ്റും പാടില്ല. എല്ലാ ദിവസവും കുട്ടികള്‍ സ്‌കൂളില്‍ പുസ്തകങ്ങള്‍ കൊണ്ടു വരുന്നതിന് പകരം സ്‌കൂളില്‍ കുട്ടികള്‍ക്ക് ലോക്കറുകള്‍ അനുവദിക്കും. അധ്യാപകര്‍ പരസ്പരം സഹകരിച്ച് ഗൃഹപാഠങ്ങള്‍ നല്‍കുകയും ഇലക്ട്രോണിക് പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. കുട്ടികള്‍ സ്‌കൂള്‍ ടൈം ടേബിളുകള്‍ അനുസരിച്ചാണ് പുസ്തകങ്ങള്‍ കൊണ്ട് പോകുന്നതെന്ന് ഉറപ്പ് വരുത്തുകയും അനാവശ്യ പുസ്തകങ്ങള്‍ കൊണ്ട് പോകുന്നത് തടയുകയും വേണം. ബസ് കാത്തിരിക്കുമ്പോള്‍ കുട്ടികള്‍ ബാഗ് തറയില്‍ വെക്കുകയും സ്‌കൂള്‍ അസംബ്ലി സമയത്ത് ബാഗ് ക്ലാസ് മുറിയില്‍ വെക്കുകയും വേണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്. കുട്ടികളുടെ ഭക്ഷണപാത്രങ്ങള്‍ പുസ്തക ബാഗില്‍ വെക്കാതെ പ്രത്യേകം കൊണ്ട് പോവണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

Top