റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന പദ്ധതിയുമായി ചൈന

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ചൈന സമ്മര്‍ദ്ദം പുലര്‍ത്തിയതായി യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന പദ്ധതിയുമായി ചൈന
റഷ്യ-യുക്രെയ്ൻ യുദ്ധം: സമാധാന പദ്ധതിയുമായി ചൈന

ബാങ്കോക്ക്: രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുമായി ചൈന. യുദ്ധത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് വേണ്ടി മറ്റ് രാജ്യങ്ങളുടെ പിന്തുണയും ചൈന അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചൈന ചര്‍ച്ച നടത്തിയിരുന്നു. റഷ്യ, യുക്രെയ്ൻ, ബ്രസീല്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായി ചൈനയുടെ യുറേഷ്യന്‍ മേഖല പ്രത്യേക പ്രതിനിധി ധി ലി ഹ്യു അറിയിച്ചു.

റഷ്യ- യുക്രെയ്ൻ തര്‍ക്കത്തിന്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ മറ്റു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ധി ലി ഹ്യു പറഞ്ഞു. റഷ്യന്‍ മേഖലകള്‍ കടന്നാക്രമിക്കാന്‍ യുക്രെയ്ന് അമേരിക്കയുടെ സഹായം ലഭിക്കുന്നതായും ചൈനയുടെ പ്രതിനിധി പറഞ്ഞു. അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയും ബ്രസീലും ചേര്‍ന്ന് ഈ വര്‍ഷം ആദ്യത്തില്‍ സമാധാന പദ്ധതി രൂപീകരിച്ചിരുന്നതിന് പിന്നാലെ യുക്രെയ്നും റഷ്യയും തമ്മില്‍ സമാധാന സമ്മേളനം നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും ചൈനയും റഷ്യയും സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.

Also Read: ഇസ്രയേലിലും യുക്രെയിനിലും ഒരേസമയം ആക്രമണം, പകച്ച് അമേരിക്കൻ ചേരി, വരുന്നത് വൻ യുദ്ധം

എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ചൈന സമ്മര്‍ദ്ദം പുലര്‍ത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ സമാധാന പ്രക്രിയയില്‍ ചൈനയുടെ പങ്ക് റഷ്യയുമായുള്ള അടുത്ത ബന്ധത്തിന്റെ പുറത്തുള്ളതാണെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനക്ക് സമാധാന പദ്ധതിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അറിഞ്ഞതോടെയായിരുന്നു യുക്രെയ്ൻ വിദേശകാര്യമന്ത്രി ജൂലൈയില്‍ ചൈന സന്ദര്‍ശിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്.

Top