തായ്‌വാൻ തീരത്തിനടുത്ത് ചൈനയുടെ ‘യുദ്ധക്കളി’

25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുൾപ്പടെ 11 കപ്പലുകളും തായ്‌വാനിന് ചുറ്റും വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു

തായ്‌വാൻ തീരത്തിനടുത്ത് ചൈനയുടെ ‘യുദ്ധക്കളി’
തായ്‌വാൻ തീരത്തിനടുത്ത് ചൈനയുടെ ‘യുദ്ധക്കളി’

തായ്പെ: തായ്‌വാൻ തീരത്തിനടുത്ത് സൈനികാഭ്യാസ പ്രകടനത്തിന് തുടക്കമിട്ട് ചൈന. പ്രസിഡന്‍റ് വില്യം ലായ് ചിംഗ് ത​ന്‍റെ പ്രഥമ ദേശീയദിനം
നിർവഹിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. ‘ജോയിന്‍റ് വാൾ-2024 ബി’ എന്ന് പേരിട്ട അഭ്യാസ പ്രകടനങ്ങൾ തായ്‌വാൻ ദ്വീപി​ന്‍റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിൽ നടന്നുവരുന്നതായി ചൈനീസ് സൈന്യത്തി​ന്‍റെ ഈസ്റ്റേൺ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു.

തായ്‌വാൻ ജനതയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതരീതിയെ ചൈന മാനിക്കണമെന്നും സൈനിക പ്രകോപനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രസിഡന്‍റി​ന്‍റെ ഓഫിസ് അറിയിച്ചു. 25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുൾപ്പടെ 11 കപ്പലുകളും തായ്‌വാനിന് ചുറ്റും വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചൈന അവകാശവാദമുന്നയിച്ചുവരുന്ന തായ്‌വാന് ചുറ്റും സമീപ വർഷങ്ങളിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Also Read: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന്റെ പിന്തുണ കുറയുന്നതായി റിപ്പോര്‍ട്ട്

യുദ്ധ-സജ്ജത, പട്രോളിംഗ്, പ്രധാന തുറമുഖങ്ങളിലും പ്രദേശങ്ങളിലും ഉപരോധം എന്നീ വിഷയങ്ങളിൽ നാവിക-വ്യോമ പ്രകടനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കൂടാതെ കടലിലെയും കരയിലെയും ആക്രമണവും ഇതി​ന്‍റെ ലക്ഷ്യങ്ങളിൽപെടുമെന്നും ലി സി കൂട്ടിച്ചേർത്തു. രാജ്യത്തി​ന്‍റെ ‘പരമാധികാരവും ദേശീയ ഐക്യവും’ സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃതവും അനിവാര്യവുമായ പ്രവർത്തനമാണ് ഈ അഭ്യാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തായ്‌വാൻ പ്രതിരോധ മന്ത്രാലയം ചൈനയുടെ ‘യുക്തിരഹിതവും പ്രകോപനപരവുമായ നടപടികളെ’ ശക്തമായി അപലപിക്കുകയും തയ്‌വാ​ന്‍റെ സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും അതിനനുസരിച്ച് പ്രതികരിക്കുന്നതിനും ഉചിതമായ ‘ശക്തി’കളുണ്ടെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

Top