ബെയ്ജിങ്: ചാന്ദ്ര പര്യവേഷണത്തില്‍ പുത്തന്‍ വിപ്ലവം തീര്‍ത്ത് ചൈന. ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-6 ചന്ദ്രനില്‍ നിന്ന് രണ്ട് കിലോയോളം കല്ലും മണ്ണും ഭൂമിയിലെത്തിച്ചു. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വിദൂരവശത്തെ സാമ്പിളുകള്‍ ഇതാദ്യമായാണ് ഭൂമിയിലെത്തുന്നത്.
സാമ്പിളുകളുമായി പോയ പേടകം ഇന്ത്യന്‍ സമയം 11 :30ഓടെ ഇന്നര്‍ മംഗോളിയ മേഖലയില്‍ ഇറങ്ങുകയായിരുന്നു. ചൈനീസ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയ ശേഷം സാമ്പിളുകള്‍ മറ്റ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് പഠിക്കാന്‍ നല്‍കും.
ഇതാദ്യമായാണ് ഒരു രാജ്യം ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ തന്നെ ചാന്ദ്ര ദൗത്യം ചാങ് ഇ5 ചന്ദ്രന്റെ ഭൂമിയോടഭിമുഖീകരിച്ച് നില്‍ക്കുന്ന ഭാഗത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
മെയ് ആദ്യവാരമാണ് ചാങ് ഇ-6 പേലോഡുകളുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ജൂണ്‍ രണ്ടിനാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ജൂണ്‍ നാലിന് അവയുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചു. തുടര്‍ന്ന് അവിടെ കാത്തിരുന്ന ഓര്‍ബിറ്റുമായി വിജയകരമായി പേടകത്തെ ബന്ധിപ്പിച്ചു.
13 ദിവസം ചാന്ദ്ര ഭ്രമണപഥത്തില്‍ ചെലവഴിച്ച ശേഷമാണ് പേടകം വിജയകരമായി ഭൂമിയിലെത്തിയത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റിട്ടേണ്‍, അസന്ദര്‍ എന്നിങ്ങനെ നാല് ഭാഗങ്ങളടങ്ങിയതാണ് ചാങ് ഇ6 ധൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയ ശേഷം ലാന്‍ഡര്‍-അസാന്‍ഡര്‍ ഭാഗങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങി. ഓര്‍ബിറ്റര്‍ റിട്ടേണ്‍ ഭാഗങ്ങള്‍ ഭ്രമണപഥത്തില്‍ തന്നെ നിന്നു. താഴെയിറങ്ങിയ ലാന്‍ഡര്‍ സാമ്പിളുകള്‍ ശേഖരിച്ച് അസാന്‍ഡറില്‍ നിറച്ചു. പിന്നീട് ഭ്രമണപഥത്തില്‍ എത്തിയ അസാന്‍ഡര്‍ ഓര്‍ബിറ്റുമായി കൂടിച്ചേര്‍ന്ന് ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.
ചന്ദ്രന്റെ വിദൂര വശത്ത് ഇറങ്ങുന്ന ഒരേയൊരു രാജ്യവും ചൈനയാണ്. 2019ല്‍ ചാങ് ഇ ദൗത്യത്തിലാണ് ചൈന ആദ്യം ഈ നേട്ടം കൈവരിച്ചത്.