ചൈനയ്ക്ക് മേല്‍ കനത്ത പ്രഹരമായി ആണവ മുങ്ങികപ്പല്‍ അപകടം. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി മുങ്ങിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ നാവികസേന വിപുലീകരിക്കാനുള്ള വലിയ ശ്രമത്തിനിടെയുണ്ടായ വലിയ തിരിച്ചടി ചൈന രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വുചാങ് കപ്പല്‍ നിര്‍മ്മാണശാലയിലാണ് ഈ അന്തര്‍വാഹിനി നിര്‍മ്മിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോടികള്‍ മുടക്കി ചൈന നിര്‍മ്മിച്ച ന്യൂക്ലിയര്‍ സബ് മറൈനാണ് മുങ്ങിയത്.
അന്തര്‍വാഹിനിക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ജൂണ്‍ മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കാം അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനിയുടെ അവസാനവട്ട പരിശോധനയ്ക്കായി കടലില്‍ ഇറക്കിയപ്പോഴാണ് അപകടം നടന്നത് എന്ന് പറയപ്പെടുന്നു. അപകട സമയത്ത് കപ്പലില്‍ ആണവ ഇന്ധനം നിറച്ചിരുന്നോ എന്നത് വ്യക്തമല്ലെന്നാണ് അപകടവിവരം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നത്. അന്തര്‍വാഹിനി മുങ്ങാന്‍ കാരണമായതെന്താണെന്നും വ്യക്തമല്ല. രാജ്യത്തിന് നാണക്കേടുണ്ടാക്കിയതിനാല്‍ സംഭവം ചൈന മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് സംഭവം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
Also Read: ഹിസ്ബുള്ള കമാന്‍ഡറെ വധിക്കുന്നതിനായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റേതെന്ന് കരുതുന്ന വീഡിയോ പുറത്ത്
2021-ലെ പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ് ചൈനയുടേത്. നിലവില്‍ ചൈനയ്ക്ക് 355 കപ്പലുകളും യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമാണ് സ്വന്തമായിട്ടുള്ളത്. 2022-ല്‍, ആറ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍, ആറ് ആക്രമണ അന്തര്‍വാഹിനികള്‍, 48 ഡീസല്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ എന്നിവയും ചൈനയ്ക്കുണ്ട്. ചൈനയെ പോലെ ശക്തമായ സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഇത്തരമൊരു സംഭവം വലിയൊരു തിരിച്ചടി തന്നെയാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.