ഇന്ത്യൻ കമ്പനിയിലും നുഴഞ്ഞുകയറി ചൈനീസ് ഹാക്കർമാർ

ഇന്ത്യൻ- അമേരിക്കൻ കമ്പനികളിലേക്ക് നുഴഞ്ഞുകയറി 'വോൾട്ട് ടൈഫൂൺ'

ഇന്ത്യൻ കമ്പനിയിലും നുഴഞ്ഞുകയറി ചൈനീസ് ഹാക്കർമാർ
ഇന്ത്യൻ കമ്പനിയിലും നുഴഞ്ഞുകയറി ചൈനീസ് ഹാക്കർമാർ

ന്ത്യൻ- അമേരിക്കൻ കമ്പനികളിൽ കടന്നുകയറി ചൈനീസ് ഹാക്കർമാർ. ‘വോൾട്ട് ടൈഫൂൺ’ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കിങ് ക്യാംപയിനാണ് ഇതിന് പിന്നിൽ. ചൈനീസ് സർക്കാരിൻറെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സംഘമാണിത് എന്നാണ് റിപ്പോർട്ട്. ഹാക്കിങിനായി കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിലെ ബഗ് ചൂഷണം ചെയ്യുകയാണെന്ന് സുരക്ഷാ ഗവേഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കയിൽ നിന്നുള്ള നാലും, ഇന്ത്യയിൽ നിന്നുള്ള ഒരു ഇൻറർനെറ്റ് സർവീസ് പ്രൊവൈഡ‍റുടെയും വെർ‌സ നെറ്റ്‌വർക്ക് പ്രൊഡക്റ്റിലെ പോരായ്മകളിലൂടെ വോൾ‌ട്ട് ടൈഫൂൺ കടന്നുകയറിയതായാണ് ലുമെൻ ടെക്‌നോളജീസ് ഇൻറർനാഷണലിൻറെ യൂണിറ്റായ ബ്ലാക്ക് ലോട്ടസ് ലാബ്‌സ് വ്യക്തമാക്കുന്നത്.

വേർസ സിസ്റ്റത്തിലെ പോരായ്മകളിലൂടെ വോൾട്ട് ടൈഫൂൺ കടന്നുകയറുകയാണെന്ന് കണ്ടെത്തിയെന്നാണ് ലോട്ടസ് ലാബ്സ് കുറിച്ചിരിക്കുന്നത്. ഇപ്പോഴും അത് തുടരുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. അമേരിക്കയുടെ നിർണായക ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുമോ എന്ന ആശങ്ക വെളിപ്പെടുത്തലിന് പിന്നിലുണ്ട്. ചൈനയുടെ തായ്‌വാൻ അധിനിവേശ സാധ്യത പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം നീക്കത്തെ അമേരിക്ക ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയിലെ ചില ജലസേചന സൗകര്യങ്ങൾ, പവർ ഗ്രിഡ്, ആശയവിനിമയ മേഖലകൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ നെറ്റ്‌വർക്കുകളിലേക്ക് വോൾട്ട് ടൈഫൂൺ നുഴഞ്ഞുകയറിയതായി നേരത്തെ തന്നെ അമേരിക്ക ആരോപിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് രംഗത്തെത്തിയത്.

Also Read:ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അറിയാം

‘വോൾട്ട് ടൈഫൂൺ’ യഥാർത്ഥത്തിൽ സ്വയം ‘ഡാർക്ക് പവർ’ എന്ന് വിളിക്കുന്ന ഒരു റാൻസംവെയർ‌ സൈബർ ക്രിമിനൽ ഗ്രൂപ്പാണ്. അവരെ ഏതെങ്കിലും പ്രദേശമോ രാജ്യമോ സ്പോൺസർ ചെയ്യുന്നില്ല എന്നായിരുന്നു ചൈനീസ് വിശദീകരണം. ആദ്യമായി ഈ ‘വോൾട്ട് ടൈഫൂൺ’ ക്യാമ്പയിനെ 2023ൽ തുറന്നുകാണിച്ചത് മൈക്രോസോഫ്റ്റാണ്. പിന്നീട് വിവിധ കമ്പനികളോടും മറ്റും ഹാക്കർമാരെ പ്രതിരോധിക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. നിലവിൽ തങ്ങൾക്ക് ഇതിൽ പങ്കൊന്നുമില്ലെന്നും എല്ലാം സൈബർ ക്രിമിനലുകളുടെ പണിയാണെന്നുമാണ് ചൈനീസ് സർക്കാരിൻറെ വാദം.

Top