ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടം നേടി തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവി. ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊളിഫിക് ഫിലിം സ്റ്റാർ പദവി എന്ന ഗിന്നസ് റെക്കോർഡ് നേട്ടമാണ് ചിരഞ്ജീവിയെ തേടിയെത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സിനിമയിൽ അരങ്ങേറി 46 വർഷങ്ങൾകൊണ്ട് 537 പാട്ടുകളിലാണ് അദ്ദേഹം അഭിനയിച്ചത്. 24,000 നൃത്തച്ചുവടുകളുംവെച്ചു. ഇതാണ് ചിരഞ്ജീവിയെ തേടി ഗിന്നസ് ലോക റെക്കോർഡ് എത്താൻ കാരണം. 1978 സെപ്റ്റംബർ 22-നാണ് ചിരഞ്ജീവിയുടെ ആദ്യസിനിമ പുറത്തിറങ്ങിയത്. ഇതിന് ആദരമർപ്പിച്ചുകൊണ്ടാണ് ഗിന്നസ് അധികൃതർ കഴിഞ്ഞദിവസം ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
ഈ ഭാഗ്യം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യ നടനാണ് ചിരഞ്ജീവി. ചിരഞ്ജീവിയെ ഗിന്നസ് അധികൃതർ ആദരിക്കുന്ന ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകൻ രാംചരൺ തേജയുടെ ഭാര്യയായ ഉപാസന കോനിഡേല പങ്കുവെച്ചു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ചടങ്ങിനുണ്ടായിരുന്നു.
ചിരഞ്ജീവിയുടെ ഏതെങ്കിലും ഒരു ഗാനം കാണുകയാണെങ്കിൽ ഹൃദയം അതിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവിക്കാമെന്ന് ആമിർ പറഞ്ഞു. ഓരോ ചലനങ്ങളും ആസ്വദിച്ചാണ് ചിരഞ്ജീവി ചെയ്യുന്നത്. അതുകൊണ്ട് പ്രേക്ഷകർക്ക് അദ്ദേഹത്തിൽനിന്ന് കണ്ണെടുക്കാനാവില്ല. ഇനിയും ഒരുപാട് നാഴികക്കല്ലുകൾ ചിരഞ്ജീവിയെ തേടിയെത്തട്ടേയെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. ചിരഞ്ജീവിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ രാജമൗലിയും രംഗത്തെത്തി.