തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടർന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരൻ അനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുവിന് ശർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനു മരിച്ചത്. അനുവിൻറെ സ്രവ സാമ്പിൾ ഉൾപ്പെടെ പരിശോധിക്കാൻ സാധിക്കാതിരുന്നതിനാൽ മരണം കോളറ മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞദിവസം മരിച്ച 26 കാരൻറെ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ലായിരുന്നു സംസ്ഥാനത്ത് അവസാനമായി കോളറ ബാധിച്ച് മരണം സംഭവിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേർക്ക് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.