ചുമ്മാ പറഞ്ഞതല്ല, അന്ന് എം.വി.ഡി സാക്ഷിയാണ്, യദുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടി റോഷ്ന

ചുമ്മാ പറഞ്ഞതല്ല, അന്ന് എം.വി.ഡി സാക്ഷിയാണ്, യദുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടി റോഷ്ന
ചുമ്മാ പറഞ്ഞതല്ല, അന്ന് എം.വി.ഡി സാക്ഷിയാണ്, യദുവിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടി റോഷ്ന

ഡ്രൈവര്‍ യദു തന്നോട് മോശമായി പെരുമാറിയ കാര്യം താന്‍ എംവിഡിയെ അറിയിച്ചതാണെന്നും എന്നാല്‍ സംഭവം വേഗം സോള്‍വ് ചെയ്ത് വിടാനാണ് അദ്ദേഹം ശ്രമിച്ചതെന്നും നടി റോഷ്ന ആന്‍ റോയ്. അന്ന് നടന്ന കാര്യങ്ങള്‍ക്കെല്ലാം എംവിഡി സാക്ഷിയാണെന്ന് പറഞ്ഞ റോഷ്ന എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പോലും രംഗത്ത് വരുന്നില്ലയെന്ന് ചൂണ്ടികാട്ടി. അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്ത് ആവശ്യമായ നടപടി യദുവിനെതിരെ സ്വീകരിക്കണമെന്നും റോഷ്ന പറഞ്ഞു. ഇനി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനുവേണ്ടിയാണ് താന്‍ രംഗത്ത് വന്നതെന്നും റോഷ്ന പ്രതികരിച്ചു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ രംഗത്തു വരാനുണ്ടായ സാഹചര്യം എന്തായിരുന്നു ?

ഞാന്‍ മിനിഞ്ഞാനാണ് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത കാണുന്നത്. ഇദ്ദേഹത്തിന്റെ ഫോട്ടോ അതിലുണ്ടായിരുന്നു, അത് ഞാന്‍ സ്‌ക്രീന്‍ ഷോട്ടായിട്ട് ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം വെച്ചിട്ടുണ്ട്. ഞാന്‍ ആ ഫോട്ടോ കണ്ടപ്പോതന്നെ വേരിഫൈ ചെയ്തു. എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോ ഇദ്ദേഹം എന്നോട് ഇതുപോലെ തന്നെ സംസാരിച്ച വ്യക്തിയാണെന്നുള്ളത് എനിക്ക് കണ്ടപ്പോള്‍തന്നെ മനസ്സിലായി. കുറച്ച് നാളുകള്‍ക്ക് മുന്നേ നടന്ന സംഭവം ആയതുകൊണ്ട് അത് എങ്ങനെ പോകും എന്നെനിക്കറിയില്ല. ചിലപ്പോ പലരുടേയും ശബ്ദങ്ങള്‍ പുറത്തുവരുമ്പോഴായിരിക്കും നമുക്കും പറയാന്‍ പ്രേരണ തോന്നുക. ഇന്നലെ അത് കണ്ടപ്പോള്‍ ആര് എന്ത് എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. ഇതില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയറോട് എങ്ങനെയാണ് പെരുമാറിയത് എന്ന് ഞാന്‍ കണ്ടത് വളരെ വൈകിയാണ്. ഞാന്‍ ഗൂഗിളില്‍ പോയിട്ടാണ് കണ്ടത്. അപ്പോള്‍ തന്നെ വേരിഫൈ ചെയ്തു ഇയാള്‍ തന്നെയാണെന്നുള്ളത്. അതിന് ശേഷം ഞാന്‍ ആ പോസ്റ്റ് ടൈപ് ചെയ്ത് പോസ്റ്റ് ചെയ്തു. അതിന് കുറേ കമ്മന്റ്സ് വന്നു. പിന്നീടാണ് അതെ കുറച്ച് സംസാരിച്ചു കഴിഞ്ഞാല്‍ ഇതില്‍ വ്യക്തത വരുത്താം എന്ന് വിചാരിച്ചിട്ടാണ് ലൈവ് വന്നത്. അതില്‍ ഡീറ്റെയില്‍ഡ് ആയിട്ടൊന്നും സംസാരിച്ചിട്ടില്ല. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ക്ലിയറായിട്ട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നം എനിക്കുണ്ടായതാണ് അത് പുറത്തറിയണം എന്ന് വിചാരിച്ച് തന്നെയാണ് ആ പോസ്റ്റിട്ടത്.

ഈ സംഭവം ഉണ്ടായ സമയത്ത് പരാതി എന്തെങ്കിലും കൊടുത്തിട്ടുണ്ടായിരുന്നൊ?

ഈ സംഭവം നടന്ന സമയത്ത് എനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായി. പെട്ടെന്ന് ഒരാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ. ഇങ്ങനെ ഒക്കെ ഇദ്ദേഹം പറയുമെന്നും വിചാരിച്ചിരുന്നില്ല. അതും ഇത്രയും ആളുകളുമായി പോകുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഇങ്ങനെ ഇറങ്ങിവന്ന് പറയുമെന്ന് ഒട്ടും പ്രതിക്ഷിച്ചിരുന്നില്ല. അതെന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് എംവിഡിയുടെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. ഞാന്‍ വണ്ടി നിര്‍ത്തി ഇറങ്ങി അവരോട് കാര്യം പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായെന്നും ഇത്രയും അപകടകരമായ രീതിയില്‍ പോകുന്ന വണ്ടി ഞങ്ങളെ ഇടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും അതുപോലെ തന്നെ ഡ്രൈവറുടെ വാക്കുകള്‍ തന്നെ മാനസ്സികമായി വേദനിപ്പിച്ചുവെന്നും പറഞ്ഞു. അത് പെട്ടെന്ന് സോള്‍വ് ചെയ്ത് വിടാനാണ് അവര്‍ ശ്രമിച്ചത്. എംവിഡി എന്നോട് പറഞ്ഞത് പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ സ്റ്റേഷനില്‍ പൊയ്‌ക്കോളു എന്നാണ്. എന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന സംബന്ധമായ തിരക്കിലായിരുന്നു ഞാന്‍. എന്റെ സഹായത്തിനായി സഹോദരനെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന സമയത്താണ് ഈ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ പോയാലും ഒരു പെറ്റിഷന്‍ എഴുതി കൊടുത്തു പോരുക എന്നത് മാത്രേ സംഭവിക്കുമായിരുന്നുള്ളു. ഇത്രയും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പോലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

അന്നു തന്നെ റോഷ്ന പരാതി പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കേണ്ടതല്ലേ ?

അത് എങ്ങനെയെങ്കിലും സോള്‍വ് ചെയ്യണം എന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക. അവര്‍ക്കും അവരുടെ പണിയുണ്ടാവും, ഇങ്ങനെ ഒരു ഹോണടി പ്രശ്നത്തിന് വേണ്ടി ഇത്രയും സമയം കളയണോ എന്നായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. എനിക്ക് ചോദിക്കാനുളളത് ജൂണ്‍ മാസം 19ാം തീയതി 2 മണി മുതല്‍ ആ ഭാഗത്ത് ഉണ്ടായിരുന്ന എംവിഡി ആരാണെന്നുള്ളത് കണ്ടെത്താലോ ചിലപ്പോ സ്ഥലം മാറികാണും. എന്നാലും ചോദിക്കുവാണ് ഞാന്‍ ഈ പറഞ്ഞ എംവിഡി എവിടെ ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം എംവിഡി സാക്ഷിയാണ്. യദുവിന് ഓര്‍മ്മയില്ലായിരിക്കും എന്നാലും എംവിഡിയ്ക്ക് ഓര്‍മ്മ കാണില്ലെ. അദ്ദേഹത്തെ ഞാന്‍ കണ്ടതെ ഇല്ല എവിടെയും. ശരിക്ക് അവരുടെ അടുത്തും കാര്യം തിരക്കേണ്ടതാണ്. ഒന്നും അങ്ങനെ മാഞ്ഞ് പോകുന്നില്ല. വേണമെങ്കില്‍ സിസിടിവി നോക്കാലോ ഞാന്‍ ശരിക്കുള്ള തീയതി പറഞ്ഞില്ലെ. എല്ലാവര്‍ക്കും തെളിവാണല്ലോ വേണ്ടത്. എല്ലാവരും പറയുന്നത് എന്തുകൊണ്ട് ഇതൊക്കെ അന്ന് പറഞ്ഞില്ല എന്നാണ്. ഞാന്‍ പറയുന്നത്, ഞാന്‍ അന്നും കേസ് കൊടുത്തിട്ടില്ല ഇന്നും കേസിലേക്ക് പോയിട്ടില്ല.

റോഷ്ന അന്ന് രംഗത്ത് വരാതെ ഇപ്പോള്‍ രംഗത്ത് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചിലര്‍ പറയുന്നത്, എന്താണ് അതിനുള്ള മറുപടി ?

രാഷ്ട്രീയപ്രേരിതമാണെന്ന് പറന്നുണ്ട്. എതോ വര്‍ഷം ഞാന്‍ അരിവാള്‍ ചുറ്റികയുടെ എന്തോ സാധനം ഷെയര്‍ ചെയ്തെന്ന് പറയുന്നുണ്ട്. അങ്ങനെയൊക്കെ പറഞ്ഞ് ട്രോളുകള്‍ ഇറങ്ങുന്നുത് ഞാന്‍ കണ്ടു. ഞാന്‍ ഈ വര്‍ഷം വോട്ടുപോലും ചെയ്യാത്ത ഒരു വ്യക്തിയാണ്. എനിക്കങ്ങനെയൊരു പാര്‍ട്ടിയില്ല. ഞാന്‍ വയനാട്ടില്‍ നിന്നാണ് വന്നിട്ടുള്ളത്. ഇപ്പോള്‍ ഞാന്‍ ഉള്ളത് ആലുവയിലാണ്. വയനാട്ടില്‍ നിന്ന് എന്റെ പേര് വെട്ടിയിട്ടില്ല. അവിടെ നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ് അദ്ദേഹം നല്ലത് ചെയ്താല്‍ അതും ഞാന്‍ പോസ്റ്റിടും. ഞാന്‍ വ്യക്തിയുടെ പ്രവര്‍ത്തി നോക്കിയാണ് പോസ്റ്റിടാറുള്ളത്. ശൈലജ ടീച്ചര്‍ കൊറോണ സമയത്ത് ചെയ്ത പ്രവര്‍ത്തനങ്ങളെ കുറിച്ചൊക്കെ എല്ലാവരും പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതല്ലെ. ഞാന്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും ഇട്ടിട്ടുണ്ട് എസ്എഫ്ഐയെക്കുറിച്ചും ഇട്ടിട്ടുണ്ട്. നിങ്ങള്‍ പറയ് ഞാന്‍ ഏത് പാര്‍ട്ടിയിലാണ് നില്‍ക്കേണ്ടത്. നിങ്ങളാണ് വിഷമിച്ചിരിക്കുന്നത്. അതായത്, ജനങ്ങളാണ് പറയുന്നത് ഞാന്‍ ആ പാര്‍ട്ടിക്കാരിയാണ്. അല്ലെങ്കില്‍ ഈ പറഞ്ഞയാളാണ് പറയുന്നത് ഞാന്‍ സിപിഎമ്മിന്റെ ആളാണെന്ന്. എന്ത് അടിസ്ഥാനത്തിലാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എനിക്കങ്ങനെ ഒരു പാര്‍ട്ടിയുമായും ബന്ധങ്ങളില്ല.

ഒരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ തന്നെ സംഘടിതമായ സൈബര്‍ ആക്രമണം റോഷ്നയ്ക്ക് എതിരെയും നടക്കുന്നുണ്ട്, ഇതിനെ എങ്ങനെയാണ് നോക്കി കാണുന്നത് ?

അത് രാഷ്ട്രീയപരമായിട്ട്‌ തന്നെയാണ് കാണുന്നത്. കാരണം, ഇതൊരു രാഷ്ട്രീയ രീതിയിലേക്ക് പോയി. ചിലര്‍ക്ക് പോസിറ്റിവായിട്ടായിരിക്കാം ചിലര്‍ക്ക് നെഗറ്റിവായിട്ടായിരിക്കാം. ഞാന്‍ എന്തായാലും രാഷ്ട്രീയമായിട്ടുള്ള രീതിയില്‍ ഇതിനെക്കുറിച്ച് സംസാരിക്കാനിഷ്ടപ്പെടുന്നില്ല. ഞാന്‍ ആരുടേയും ഭാഗത്തല്ല. അവര്‍ക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും ഞാന്‍ നില്‍ക്കുന്നില്ല. ഞാന്‍ പറയുന്നത് ഡ്രൈവര്‍ യദുവിനേക്കുറിച്ചാണ്. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകളും പ്രവര്‍ത്തിയും ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല. അതിന് അദ്ദേഹത്തിന് ശിക്ഷ കൊടുക്കേണ്ടതാണ്. അതിന് വേണ്ടി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുകയാണ്.

നമ്മുടെ റോഡുകളില്‍ മേയര്‍ക്കും റോഷ്നക്കും ഉള്‍പ്പെടെ ഉണ്ടായ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്നാണ് അഭിപ്രായം ?

എനിക്കും മേയര്‍ക്കുമെന്നുള്ളത് മാത്രമല്ല ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ടാവും ഇത്തരം അനുഭവങ്ങള്‍. ജെന്റ്‌സിനും ഉണ്ടായിട്ടുണ്ടാവും ഇത്തരം തര്‍ക്കങ്ങളൊക്കെ. കെ.എസ്.ആര്‍.ടി.സി എന്ന് മാത്രം ഞാന്‍ പറയുന്നില്ല. പ്രൈവറ്റ് ബസുകാരും മോശക്കാരല്ല. ചില കാര്‍ ഡ്രൈവര്‍മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്. വഴക്കുകള്‍ സാധാരണമാണ് റോഡുകളില്‍. പക്ഷെ, സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കുന്ന ഒരു വ്യക്തി കുറച്ചുകൂടി സഭ്യമായ ഭാഷയില്‍ സംസാരിക്കേണ്ടതാണ്. അവരുടെ മനസ്സില്‍ അവര്‍ ചിന്തിച്ച് വെച്ചിരിക്കുന്നത് അങ്ങനെയായിരിക്കാം. വേറെ പ്രശ്നം ഒന്നും വരില്ല എന്നായിരിക്കും. ഞാനും ഒരു തൊഴിലാളിയാണ്. ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്. നമുക്ക് നമ്മുടേതായ ഒരു ന്യായമുണ്ട്. തള്ളികളയാവുന്ന ഒരു കാര്യമായിട്ട് എനിക്ക് ഇതിനെ തോന്നുന്നില്ല. ഞാന്‍ സത്യസന്ധമായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങളെ ഒരിക്കലും പ്രോത്സാപ്പിക്കരുതെന്ന് മാത്രമേ ഉള്ളു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്സ് പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top