ടി20-യിൽ വീണ്ടും സെഞ്ചുറി നേട്ടം ചൂടി തിലക് വർമ്മ

ടി20-യില്‍ നൂറ്റി അന്‍പതോ അതില്‍ക്കൂടുതലോ നേടുന്ന ഒരേയൊരു ഇന്ത്യക്കാരനായി തിലക്

ടി20-യിൽ വീണ്ടും സെഞ്ചുറി നേട്ടം ചൂടി തിലക് വർമ്മ
ടി20-യിൽ വീണ്ടും സെഞ്ചുറി നേട്ടം ചൂടി തിലക് വർമ്മ

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി ഇന്ത്യയുടെ പുതിയ ബാറ്റിങ് കരുത്തായി മാറി തിലക് വര്‍മ്മ. സെഞ്ചൂറിയനിലും ജൊഹാനസ്ബര്‍ഗിലും നടന്ന മത്സരത്തിലാണ് തിലക് സെഞ്ചുറി കുറിച്ചത്. അവസാന മത്സരത്തില്‍ സഞ്ജു സാംസണും തിലക് വര്‍മ്മയും നേടിയ സെഞ്ചുറികളുടെ ബലത്തിലായിരുന്നു ഇന്ത്യന്‍ വിജയം.

ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ചുറി നേടി സ്ഥിരതയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ് തിലക് വര്‍മ്മ. മത്സരത്തില്‍ ഹൈദരാബാദിന്റെ നായകനായ തിലക്, മേഘാലയക്കെതിരെ 151 റണ്‍സ് നേടി. ഇതോടെ തുടര്‍ച്ചയായി മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി തിലക് മാറി. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന ടി20 വ്യക്തിഗത സ്‌കോറും തിലക് തന്റെ പേരില്‍ കുറിച്ചു.67 പന്തുകളില്‍ പത്ത് സിക്‌സും 14 ഫോറും ഉള്‍പ്പെടെയാണ് തിലകിന്റെ 151 റണ്‍സ്.

Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ ശക്തമാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇതുവരെ ശ്രേയസ് അയ്യരുടെ പേരിലായിരുന്നു – 147. ടി20-യില്‍ നൂറ്റി അന്‍പതോ അതില്‍ കൂടുതലോ നേടുന്ന ഒരേയൊരു ഇന്ത്യക്കാരനായി ഇതോടെ തിലക് മാറി.

തിലകിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മൂന്നാമനായാണ് തിലക് ബാറ്റിങ്ങിനിറങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലാണ്. അടുത്തിടെയാണ് തിലക് ടി20 ലോക റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്തെത്തിയത്.

Top