നല്ല പ്രേക്ഷകര്‍ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുകയെന്നും, പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നും മമ്മൂട്ടി. അവര്‍ നല്ല സിനിമകള്‍ മാത്രം കാണുമ്പോള്‍, സിനിമാപ്രവര്‍ത്തകരും നല്ല സിനിമകളുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു. പ്രേക്ഷകര്‍ മാറിയാല്‍ മാത്രമേ സിനിമ മാറുകയുള്ളൂ എന്ന് മമ്മൂട്ടി പറഞ്ഞു. ടര്‍ബോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രേക്ഷകര്‍ മാറിയാല്‍ മാത്രമേ സിനിമ മാറുകയുള്ളൂ. പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നത്. കൊള്ളില്ലാത്തത് കാണാതിരിക്കുകയും നല്ലത് മാത്രം കാണുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി സിനിമ മാറും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ. അതില്‍ തര്‍ക്കമൊന്നുമില്ല. നമ്മുടെ പ്രേക്ഷകര്‍ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുകയും കാണാന്‍ വരുകയും ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളുണ്ടാകുന്നത്. മറ്റു ഭാഷകളില്‍, അവര്‍ക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നത്. പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം ഈ മാസം 23 ന് റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.