CMDRF

പശ്ചിമ ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ സി.എ.എ നടപ്പാക്കി

പശ്ചിമ ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ സി.എ.എ നടപ്പാക്കി
പശ്ചിമ ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ സി.എ.എ നടപ്പാക്കി

ഡൽഹി: പൗരത്വ നിയമ ഭേദഗതി വഴി പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കൂടുതൽ പേർക്ക് പൗരത്വം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അപേക്ഷകർക്ക് അതത് സംസ്ഥാനങ്ങളിലെ എംപവേഡ് കമ്മിറ്റികൾ വഴിയാണ് ബുധനാഴ്ച പൗരത്വ സർട്ടിഫിക്കറ്റുകൾ നൽകിയത്.

മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പശ്ചിമ ബംഗാളിൽ കേന്ദ്ര സർക്കാറിന്റെ നീക്കം. സി.എ.എ നടപ്പാക്കില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. നിയമം നിലവിൽവന്നശേഷം മേയ് 15ന് 14 പേർക്ക് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്‍ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമ ഭേദഗതി.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഒരു രേഖയും ചോദിക്കാതെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം അനുവദിക്കുന്നത്. മുസ്‍ലിംകളെ ഒഴിവാക്കിയുള്ള വിവേചനപരമായ നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിനു പിന്നാലെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു.

Top