ഇന്ത്യൻ വാഹന വിപണിയിൽ നിറസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന വാഹന നിർമാതാക്കളാണ് ഫ്രഞ്ച് കമ്പനിയായ സിട്രോൺ. ഒരു ഇലക്ട്രിക് വാഹനം ഉൾപ്പെടെ അഞ്ച് മോഡലുകളുമായി നിലവിൽ വിപണിയിൽ തുടരുന്ന ഈ വാഹനത്തിന്റെ എൻട്രി ലെവൽ മോഡലാണ് സി3. രണ്ട് എൻജിൻ ഓപ്ഷനുകളിൽ മാനുവൽ ട്രാൻസ്മിഷനിൽ മാത്രം എത്തിയിരുന്ന ഈ വാഹനം ഒടുവിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.
സിട്രോൺ സി3-യുടെ ഏറ്റവും ഉയർന്ന വകഭേദമായ ഷൈൻ വേരിയന്റിലാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നത്. വൈബ് പാക്ക്, ഡ്യുവൽ ടോൺ, ഡ്യുവൽ ടോൺ വൈബ് പാക്ക് എന്നീ മൂന്ന് വിഭാഗങ്ങളിൽ എത്തുന്ന സി3 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകൾക്ക് യഥാക്രമം 10.12 ലക്ഷം, 10.15 ലക്ഷം, 10.27 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 6.16 ലക്ഷം രൂപയിലാണ് സിട്രോൺ സി3 മോഡലിന്റെ വില ആരംഭിക്കുന്നത്.
സിട്രോൺ അടുത്തിടെ വിപണിയിൽ എത്തിച്ച ബസാൾട്ടിൽ നൽകിയിരുന്ന ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് സി3-ലും നൽകിയിരിക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പ്രവർത്തിക്കുന്നത്. 108 ബി.എച്ച്.പി. പവറും 205 എൻ.എം. ടോർക്കുമേകുന്ന എൻജിനാണിത്.
Also read: ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍
മെക്കാനിക്കലായി വരുത്തിയ കൂട്ടിച്ചേർക്കലുകൾക്കൊപ്പം ലുക്കിൽ ഏതാനും മാറ്റങ്ങൾ വരുത്തിയാണ് സി3 ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. പ്രൊജക്ഷൻ എൽ.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഇതിൽ പ്രധാനം. ഇന്റീരിയറിലും ഏതാനും കൂട്ടിച്ചേർക്കലുകൾ നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡോർ പാഡിലേക്ക് മാറിയ പവർ വിൻഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഓട്ടോഫോൾഡ് സംവിധാനമുള്ളതുമായി റിയർ വ്യു മിററുകൾ, 15 ഇഞ്ച് അലോയി വീൽ എന്നിവയാണ് ഫീച്ചറുകൾ.
സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് സിട്രോൺ സി3 എത്തിയിരുന്നത്. പുതിയ മോഡലിലേക്ക് വരുമ്പോൾ താഴ്ന്ന വേരിയന്റ് മുതൽ ആറ് എയർബാഗ് അടിസ്ഥാന ഫീച്ചറായി നൽകുന്നുണ്ട്. എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കേഴ്‌സ്, ഓട്ടോമാറ്റിക് മോഡലിൽ ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്.