വിപണി കീഴടക്കാന്‍ തയാറെടുത്ത് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. വാഹന നിരയിലെ ചെറുകാറായ സിട്രോണ്‍ സി3 ഹാച്ച്ബാക്കിനെ മിനുക്കിയെടുത്താണ് സിട്രോണ്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ആദ്യം ഇറങ്ങിയ മോഡലിന്റെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ ഫീച്ചറുകളുമായാണ് പുതിയ സി3 വിപണിയല്‍ അവതരിപ്പിച്ചിരിക്കുന്നത്. ബസാള്‍ട്ടിന്റെ വരവോടെ വാഹന കമ്പോളത്തില്‍ ഇമേജ് മൊത്തത്തില്‍ മാറിയ ബ്രാന്‍ഡിന് പുതുശ്വാസം കിട്ടിയ അവസ്ഥയാണ്.
ബസാള്‍ട്ട് പോലെ കുറഞ്ഞ വിലയ്ക്ക് വലിയ കൂപ്പെ എസ്.യു.വി രാജ്യത്ത് എത്തുന്നത് ഇതാദ്യമായാണ്. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ സിട്രോണ്‍ സി3 ഹാച്ച്ബാക്കിന് എതിരാളികളെ അപേക്ഷിച്ച് ഒരുപാട് ഫീച്ചറുകള്‍ കുറവായിരുന്നു. നിര്‍മാണത്തില്‍ ചെലവ് കുറക്കാന്‍ എടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോവുകയായിരുന്നുവെന്ന് വേണം പറയാന്‍. എസ്.യു.വി രൂപമുണ്ടായിട്ടും ഹാച്ച്ബാക്കായി മാര്‍ക്കറ്റ് ചെയ്ത തന്ത്രമെല്ലാം പാടെ പാളി.
1.2 ലിറ്റര്‍ 3 സിലിൻഡർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എൻജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ഇതില്‍ മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന നാചുറലി ആസ്പിരേറ്റഡ് എന്‍ജിന്‍ യൂണിറ്റിന് 82 ബി.എച്ച് പവറില്‍ പരമാവധി 115 എന്‍.എം ടോര്‍ക്ക് ഉൽപാദിപ്പിക്കാന്‍ കഴിയും. അതേസമയം 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി എന്‍ജിന്‍ ജോടിയാക്കിയ ടര്‍ബോ മോഡല്‍ 110 ബി.എച്ച്.പി കരുത്തില്‍ 205 എന്‍.എം ടോര്‍ക്ക് വരെ നല്‍കാന്‍ കഴിയും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകള്‍, 6 എയര്‍ബാഗുകള്‍, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, 6 എയര്‍ബാഗുകള്‍, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എ.സി സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് ആയി മടക്കാവുന്ന മിറര്‍ എന്നീ പുതിയ സംവിധാനങ്ങളാണ് 2024 സിട്രോണ്‍ സി 3 ഹാച്ച്ബാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ എത്തിയ കാലം മുതല്‍ നിലനിന്നിരുന്ന ചില പിഴവുകളും സിട്രോണ്‍ പരിഹരിച്ചിട്ടുണ്ട്. പവര്‍ വിന്‍ഡോ കണ്‍ട്രോളുകള്‍ ഇപ്പോള്‍ ഡോര്‍ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ മാറ്റങ്ങളെല്ലാം വിപണിയിലുള്ള മറ്റു ചെറുകാറുകളോട് മത്സരിക്കാന്‍ പര്യാപ്തമായ വിധത്തില്‍ വാഹനത്തെ മാറ്റിയിട്ടുണ്ട്.
നവീകരണങ്ങള്‍ക്കൊപ്പം വിലയിലും വര്‍ധന വരുത്തിയിട്ടുണ്ട്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഏകദേശം 30,000 രൂപയോളം കാറിന് അധികമായി നല്‍കേണ്ടിവരും. നിലവില്‍ 6.16 ലക്ഷം രൂപ മുതല്‍ 9.42 ലക്ഷം രൂപ വരെയാണ് കാറിന്റെ വില.