CMDRF

സി.കെ.പി ലക്ഷ്യമിട്ടത് ഇപി ജയരാജനെ, കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത, അഭിമുഖം കൃത്യമായ പ്ലാനോടെ ?

സി.കെ.പി ലക്ഷ്യമിട്ടത് ഇപി ജയരാജനെ, കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത, അഭിമുഖം കൃത്യമായ പ്ലാനോടെ ?
സി.കെ.പി ലക്ഷ്യമിട്ടത് ഇപി ജയരാജനെ, കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത, അഭിമുഖം കൃത്യമായ പ്ലാനോടെ ?

മുതിർന്ന സി.പി.എം നേതാവും മുൻ തളിപ്പറമ്പ് എം.എൽ.എയുമായ സി.കെ.പി പത്മനാഭൻ്റെ പ്രതികരണം സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെയും പ്രതിരോധത്തിലാക്കുന്നതാണ്. കർഷക സംഘം ഓഫീസ് സെക്രട്ടറി ഫണ്ട് തിരിമറി നടത്തിയപ്പോൾ, ജാഗ്രത കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് സി.കെ പി പത്മനാഭനെതിരെ സി.പി.എം നടപടി സ്വീകരിച്ചിരുന്നത്.

ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രകാശ് ജാവദേക്കറെ നന്ദകുമാറുമൊത്ത് ഇപി ജയരാജൻ കണ്ടതിൽ ജാഗ്രത കുറവുണ്ടായി എന്ന് പരസ്യമായി പറഞ്ഞിട്ടും എന്തു കൊണ്ട് സി.പി.എം നടപടി സ്വീകരിച്ചില്ല എന്ന ചോദ്യമാണ് ഇപ്പോൾ സി.പി.എം അണികളിൽ നിന്നും ഉയരുന്നത്. സി.കെ.പിയുടെ കാര്യത്തിൽ ‘ജാഗ്രത’ കാട്ടിയ സി.പി.എം ഇ.പി ജയരാജൻ്റെ കാര്യത്തിൽ ഇരട്ടതാപ്പ് നയം പിന്തുടരുകയാണെന്ന വിമർശനം സമൂഹ മാധ്യമങ്ങളിലും വ്യാപകമാണ്.

നന്ദകുമാറുമൊത്തുള്ള കൂട്ട് കെട്ടിലാണ് പിണറായി ജയരാജന് ജാഗ്രത കുറവുണ്ടായി എന്ന് പറഞ്ഞതെങ്കിൽ, അതിനേക്കാൾ കടുത്ത നിലപാടാണ് വിവാദ കൂടിക്കാഴ്ചയിൽ സി.പി.എം അണികൾക്കും നേതാക്കൾക്കും ഉള്ളത്. പ്രകാശ് ജാവദേക്കർ വീട്ടിൽ എത്തി കണ്ടകാര്യം തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി ജയരാജൻ വെളിപ്പെടുത്തിയത് പാർട്ടി വിരുദ്ധ നടപടിയാണെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണ് എന്ന് ഇ.പി പറഞ്ഞതിലും ജാഗ്രത കുറവുണ്ടായി എന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

സി.കെ.പിയ്ക്ക് എതിരെ നടപടി എടുത്ത പാർട്ടി ഇ.പിയുടെ കാര്യത്തിലും നടപടി എടുക്കണമെന്ന വികാരം ശക്തമാകാനാണ് സി.കെ.പി യുടെ തുറന്നു പറച്ചിൽ വഴിമരുന്നിട്ടിരിക്കുന്നത്. സി.കെ.പിയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ശക്തമായി ഇടപെട്ടതിൽ ഇപി ജയരാജന് വലിയ പങ്ക് ഉണ്ട് എന്നാണ് സി.കെ.പി കരുതുന്നത്. വിവാദ അഭിമുഖത്തിൽ കർഷകസംഘം ഫണ്ടിൽ നിന്നും ഇ.പി ജയരാജൻ പണം പിൻവലിച്ച കാര്യവും സി.കെ.പി എടുത്ത് പറഞ്ഞിട്ടുണ്ട്.

സി.കെ.പി യുടെ വാക്കുകൾ ഇങ്ങനെയാണ് “പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയായി താന്‍ മാറുകയായിരുന്നു. കര്‍ഷക സംഘത്തിന്റെ ഫണ്ട് താന്‍ തിരിമറി നടത്തിയിട്ടില്ല. ഓഫീസ് സെക്രട്ടറിയായിരുന്നയാള്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തു. അന്ന് ഇ.പി. ജയരാജനാണ് പാര്‍ട്ടി ഫണ്ടായ 24 ലക്ഷം രേഖാമൂലം ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. ഇക്കാര്യം രേഖാമൂലം പാര്‍ട്ടിക്ക് താന്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ തുടര്‍ന്നു പോകാന്‍ താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അച്ചടക്ക നടപടിയെടുത്തിട്ടും തുടര്‍ന്നത്. പാര്‍ട്ടിയില്‍ അടുപ്പമുള്ളവരോട് താന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലുണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്. തന്നെ രോഗിയാക്കിയത് സിപിഎമ്മാണ്. ചെയ്യാത്ത കുറ്റത്തിന് അച്ചടക്ക നടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. ഡയാലിസിസ് രോഗിയായ താന്‍ എത്രകാലം ഇനി ജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയുന്നത്. സി.കെ.പിയുടെ ഈ വാക്കുകൾ സി.പി.എം പ്രവർത്തകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

15 തവണ പാര്‍ട്ടിക്കുള്ളില്‍ കര്‍ഷകസംഘത്തിന്റെ ഫണ്ട് തിരിമറിയെ കുറിച്ചു പരാതി നല്‍കിയ കാര്യവും അഭിമുഖത്തിൽ സി.കെ.പി പറയുന്നുണ്ട്. ‘അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ നേരിട്ടുകണ്ടു പരാതിയും നല്‍കി. നിങ്ങള്‍ ക്ഷമിക്കൂവെന്നാണ് തന്റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്. കര്‍ഷക സംഘത്തില്‍ താന്‍ സെക്രട്ടറിയായിരുന്ന കാലത്താണ് വൗച്ചര്‍ സംവിധാനവും ബില്‍ പേയ്‌മെന്റും ഉണ്ടാക്കിയത്. കര്‍ഷകസംഘത്തിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ കണക്കുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാലു ലക്ഷം രൂപ ഓഫീസ് സെക്രട്ടറി തിരിമറി നടത്തിയെന്ന കാര്യം ശരിയാണ്. രജിസ്റ്ററില്‍ ചേര്‍ക്കാതെയാണ് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. അതിന് അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണ്. തനിക്കതില്‍ സന്തോഷമേയുള്ളൂ. സത്യം എപ്പോഴും പുറകിലെ ഇരിക്കുകയുള്ളൂ. അതു മുന്നില്‍ വരാന്‍ സമയമെടുക്കുമെന്നും’ സി.കെ.പി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

1957 ലെ ഇഎംഎസ് സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കി അംബാസഡര്‍ കാറിലേ പോവുകയുള്ളുവെന്ന് അന്ന് ഇഎംഎസ് അടക്കമുള്ളവര്‍ തീരുമാനിച്ചു. ചെലവു കുറയ്‌ക്കാന്‍ ആഡംബരം ഒഴിവാക്കി ചെറുപയറും കഞ്ഞിയുമാണ് മന്ത്രിമാര്‍ കഴിച്ചത്. ആ മാതൃക ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോഴും അതുതന്നെയാണ് സ്വീകരിക്കേണ്ടതെന്നും സി.കെ.പി. അഭിപ്രായപ്പെട്ടു.

പാർട്ടി നടപടിക്ക് വിധേയനായി 13 വർഷങ്ങൾ പിന്നിട്ട ശേഷം ഇത്തരം ഒരു പ്രതികരണം ഇപ്പോൾ സി.കെ.പി നടത്തിയതിനു പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.എം തെറ്റുതിരുത്തൽ നടപടിയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, ഉചിതമായ സമയത്തു തന്നെയാണ് സി.കെ.പി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

കണ്ണൂരിലെ ഈ മുതിർന്ന കമ്യൂണിസ്റ്റിൻ്റെ വെളിപ്പെടുത്തലിൽ ഇതുവരെ സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാർട്ടി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ സി.കെ.പിയുടെ പ്രതികരണത്തെ ജാഗ്രതയോടെ സമീപിക്കാനാണ് സി.പി.എം നേതൃത്വത്തിൻ്റെ തീരുമാനം. മാത്രമല്ല, സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ടിന് പരാതി നൽകിയതടക്കമുള്ള കാര്യങ്ങൾ അഭിമുഖത്തിൽ സി.കെ.പി തുറന്നു പറഞ്ഞിട്ടുള്ളതിനാൽ പ്രകാശ് കാരാട്ടിൻ്റെ നിലപാടും സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. കേരളത്തിൽ പാർട്ടിയിലും സർക്കാറിലും ഒരു പൊളിച്ചെഴുത്ത് വേണമെന്ന അഭിപ്രായം നേതൃത്വത്തിലും അണികളിലും ശക്തിപ്പെട്ടിരിക്കെ, സി.കെ.പിയെ കൂടുതൽ പ്രകോപിപ്പിക്കാതെ, വസ്തുതകൾ പരിശോധിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇതോടെ പ്രകാശ് ജാവദേക്കർ – ഇപി ജയരാജൻ കൂടിക്കാഴ്ച വീണ്ടും ഇടതുപക്ഷ രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ സംഭവത്തിൽ വൈകി ആയാലും അച്ചടക്ക നടപടി ഉണ്ടാകുമെന്നു തന്നെയാണ് സി.പി.എം കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.

Top