ഡൽഹി: സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എൻഡിഎ യോഗത്തിൽ തീരുമാനമായി. എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എൻഡിഎ യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോദിയും അമിത്ഷായും ചർച്ച നടത്തിയിരുന്നു. ബിജെപിയിലെ പ്രധാന നേതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി.
2014 നുശേഷം സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഘടകകക്ഷികളെ ആശ്രയിക്കേണ്ടി വരുന്നത് ആദ്യമായാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, പവൻ കല്യാൺ, ജയന്ത് ചൗധരി എന്നിവരടക്കമുള്ള എൻഡിഎ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി, സ്പീക്കർ സ്ഥാനം, 3 ക്യാബിനറ്റ് മന്ത്രിമാർ, 2 സഹമന്ത്രിമാർ എന്നീ ആവശ്യങ്ങൾ ചന്ദ്രബാബു നായിഡു മുന്നോട്ടുവച്ചതായാണ് സൂചന. ബിഹാറിന് പ്രത്യേക പദവി വേണമെന്നാണ് നിതീഷ് കുമാറിന്റെ ആവശ്യം. 3 ക്യാബിനറ്റ് മന്ത്രിമാരെയും ആവശ്യപ്പെടുന്നു.