പുതിയ എഐ മോഡലായ ക്ലോഡ് 3.5 സോണറ്റ് പുറത്തിറക്കി ആന്ത്രോപിക്ക്. ഇത് ഓപ്പണ്‍ എഐയുടെ ജിപിടി 4ഒ-യേക്കാളും ഗൂഗിള്‍ ജെമിനി 1.5 പ്രോയേക്കാളും മികച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍ ഓപ്പണ്‍ എഐ ഗവേഷകര്‍ തുടക്കമിട്ട ആന്ത്രോപിക്ക് , ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇതിനകം സ്വീകാര്യത നേടിക്കഴിഞ്ഞ എഐ മോഡലുകളിലൊന്നാണ് ആന്ത്രോപിക്കിന്റെ ക്ലോഡ്.
ഐഐസിലും, വെബ് പ്ലാറ്റ്ഫോമിലും ക്ലോഡ് 3.5 സോണറ്റ് ലഭ്യമാണ്. പ്രവര്‍ത്തന ശേഷിയുടെ അടിസ്ഥാനത്തില്‍ ഹൈക്കൂ, ഓപ്പസ്, സോണറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ക്ലോഡിനുള്ളത്. ഇതില്‍ ആന്ത്രോപിക്കിന്റെ ക്ലോഡ് 3 ശ്രേണിയിലെ ഏറ്റവും ബുദ്ധിയുള്ള എഐ മോഡലാണ് ക്ലോഡ് 3.5 സോണറ്റ്. കാര്യങ്ങള്‍ വിശകലനം ചെയ്യാനും പരിഹാരം കാണാനും ഇതിന് കഴിവ് കൂടുതലാണ്.
വേഗത്തിലും പ്രവര്‍ത്തനമികവിലും വിവിധ ബെഞ്ച്മാര്‍ക്കുകളില്‍ ക്ലോഡ് 3 ഓപ്പസിനേക്കാള്‍ മികച്ചതാണ് ക്ലോഡ് 3.5 സോണറ്റ് എന്നാണ് ആന്ത്രോപിക്ക് പറയുന്നത്. എഴുത്ത്, തര്‍ജ്ജമ, കോഡിങ്, ചാര്‍ട്ടുകളും ഗ്രാഫുകളും വ്യാഖ്യാനിക്കുക, ചിത്രങ്ങളില്‍നിന്ന് വാക്കുകള്‍ വേര്‍തിരിച്ചെടുക്കുക. തമാശകള്‍ മനസിലാക്കുക തുടങ്ങി വിവിധ കാര്യങ്ങളില്‍ ക്ലോഡ് 3.5 സോണറ്റ് മികച്ചുനില്‍ക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലിനൊപ്പം ‘ആര്‍ട്ടിഫാക്സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചറും ആന്ത്രോപിക്ക് അവതരിപ്പിച്ചു. ഈ സംവിധാനം വഴി ക്ലോഡിന്റെ എഴുത്തുകള്‍ ക്ലോഡില്‍ വെച്ച് തന്നെ എഡിറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഉദാഹരണത്തിന് ക്ലോഡിനോട് ഒരു ഇമെയില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ക്ലോഡ് അത് എഴുതിത്തരികയും ചെയ്തു എന്നിരിക്കട്ടെ, സാധാരണ ഗതിയില്‍ ഈ ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റൊരു ടെക്സ്റ്റ് എഡിറ്ററില്‍ പേസ്റ്റ് ചെയ്ത് വേണം എഡിറ്റ് ചെയ്യാന്‍. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി ക്ലോഡ് ചാറ്റ്‌ബോട്ടില്‍നിന്ന് പുറത്തുപോവാതെ തന്നെ ചാറ്റ്‌ബോട്ട് നല്‍കുന്ന മറുപടികള്‍ എഡിറ്റ് ചെയ്യാനാവും. വളരെ ലളിതമായ ഈ ഫീച്ചര്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.
ക്ലോഡ് എഐ എന്ന വെബ്‌സൈറ്റില്‍ നിന്നും ക്ലോഡിന്റെ ഐഫോണ്‍ ആപ്പില്‍ നിന്നും ക്ലോഡ് 3.5 സോണറ്റ് എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാനാവും.