ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. രാമേശ്വരത്ത് മേഘവിസ്‌ഫോടനം. മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര്‍ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മഴ ശക്തമാകുന്നത്. തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:പ്രമുഖ മാധ്യമപ്രവർത്തകൻ വി.ടി. രാജശേഖരൻ അന്തരിച്ചു
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ ജില്ലകളിലെ കോളേജുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.