ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകന്‍ വിപിന് (28) പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. പൊലീസും എന്‍ഡിആര്‍എഫും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
പാത താല്‍ക്കാലികമായി അടച്ചതോടെ ഭീംബാലിയില്‍ 200 ഓളം തീര്‍ഥാടകര്‍ കുടുങ്ങി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തില്‍ നിന്ന് അധികൃതര്‍ ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ഒറ്റപ്പെട്ട തീര്‍ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 150 മുതല്‍ 200 വരെ തീര്‍ഥാടകര്‍ കേദാര്‍നാഥില്‍ കുടുങ്ങിയേക്കാമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. ദേവാലയത്തിലേക്കുള്ള യാത്രക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള മറ്റ് അത്യാഹിത വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്.