കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. എസ് എഫ് ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനകളെ പോലെയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും എസ് എഫ് ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സി പി എം പാഠം പഠിച്ചിട്ടില്ല, തെറ്റുതിരുത്താനും അവർ തയ്യാറല്ല. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എഫ് ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കോളേജ് അധികൃതർ പരാതി നൽകിയേക്കും. പോലീസ് സ്വമേധയ ഈ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞ ശേഷം മാനേജ്മെന്‍റുമായി ആലോചിച്ച് പരാതി നൽകുമെന്നു കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ പറഞ്ഞു. അതെ സമയം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന്‍റെ മൊഴി പോലീസ് ഇത് വരെയും രേഖപെടുത്തിയിട്ടില്ല. എന്നാൽ പ്രിൻസിപ്പലിനെതിരായ പരാതിയിൽ എസ് എഫ് ഐ നേതാവ് അഭിനവിന്‍റെ മൊഴി ഇന്ന് പോലീസ് രേഖപെടുത്തും. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയാണ് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് പറഞ്ഞു.