നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് : വലതുപക്ഷം വ്യത്യസ്ത ചേരികളിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് കേരളത്തിന് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ അവരെല്ലാം കേരളത്തിൽ ഒന്നിക്കുന്നു. കേരളത്തിൽ എന്തെങ്കിലും പ്രത്യേകതരം വികാരമില്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്നും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം കോഴിക്കോട് നടന്ന പരിപാടിയിൽ പ്രസംഗത്തിൽ വിമര്‍ശിച്ചു. തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പല ഘടകങ്ങളുണ്ട്. വിവിധ വിഭാഗങ്ങൾ പിന്തുണച്ചതും പരിശോധിക്കണം. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാൽ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിൻ്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്താണ് എസ്ഡിപിഐ, എന്താണ് ജമാ അത്തെ ഇസ്ലാമിയെന്ന് അറിയാത്തവരല്ല കോൺഗ്രസ്. മുസ്ലിം ലീഗിന്റെ മുഖം ഇങ്ങനെ ആകുമ്പോൾ എന്തായിരിക്കും മുസ്ലിം ലീഗ്? വോട്ടിന് വേണ്ടി കൂട്ടുകൂട്ടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറി. മുസ്ലിം ലീഗ് വാശിയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വിജയത്തിൽ യുഡിഎഫിന് ആഹ്ലാദിക്കാൻ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top