കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി അറിഞ്ഞു. പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഇഞ്ചുറി സമയത്തെ ഗോളിലാണ് പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിന്റെ ഗോളുകള്‍ നേടുന്നത്. ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ പരിശീലകന്‍ മൈക്കല്‍ സ്റ്റാറേ ഒട്ടും ഹാപ്പിയല്ല. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ… ”ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും പ്രതീക്ഷിച്ചതല്ല. തോല്‍വി നേരിട്ടതില്‍ കടുത്ത നിരാശയുണ്ട്. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കും. രണ്ടാംപകുതിയില്‍ ടീം നന്നായി കളിച്ചു. മറുപടി ഗോള്‍ നേടിയപ്പോള്‍ സമനിലയെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. നായകന്‍ അഡ്രിയന്‍ ലൂണയ്ക്ക് പരിക്കില്ലെന്നും അടുത്ത മത്സരത്തില്‍ ടീമില്‍ പ്രതീക്ഷിക്കാം.” സ്റ്റാറെ പറഞ്ഞു.
വിരസമായ ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാജ്സന്‍ പഞ്ചാബിനെ മുന്നിലെത്തിത്തു. ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയനതിനാണ് പഞ്ചാബിന് പെനാല്‍റ്റി ലഭിക്കുന്നത്. മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്. ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍. അഡ്രിയാന്‍ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കാണാമായിരുന്നു. മത്സരത്തിന്റെ 43ആം മിനിറ്റില്‍ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.