കോച്ചിങ് സെന്റര്‍ ദുരന്തം: സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

കോച്ചിങ് സെന്റര്‍ ദുരന്തം: സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
കോച്ചിങ് സെന്റര്‍ ദുരന്തം: സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ തലസ്ഥാനത്തെ കോച്ചിംഗ് സെന്ററുകളില്‍ എന്ത് തരത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാനാണ് കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ദില്ലി കോച്ചിംഗ് സെന്റര്‍ ബേസ്മെന്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍.

സമീപകാലത്തുണ്ടായ മരണങ്ങള്‍ ‘കണ്ണ് തുറപ്പിക്കുന്ന’താണെന്നും കോച്ചിംഗ് സെന്ററുള്‍ ‘മരണ അറകള്‍’.’ ആയിമാറിയെന്നും കോടതി പറഞ്ഞു. ‘കോച്ചിംഗ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. അവ മരണ അറകളായി മാറിയിരിക്കുന്നു’ എന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ദുരന്തം കണ്ണ് തുറപ്പിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോച്ചിംഗ് കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും കോടതി നിഷ്‌കര്‍ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കോടതി നോട്ടീസ് നല്‍കി.

വിഷയത്തില്‍ സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയ കോടതി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കോച്ചിംഗ് സെന്ററുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പ്രവര്‍ത്തിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറിലെ റാവുവിന്റെ ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്റെ ബേസ്മെന്റില്‍ മൂന്ന് യുപിഎസ്സി ഉദ്യോഗാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാനയില്‍ നിന്നുള്ള തന്യ സോണി (25), കേരളത്തില്‍ നിന്നുള്ള നെവിന്‍ ഡെല്‍വിന്‍ (24) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍.

Top