പൂരം കലക്കിയതിന് പിന്നിൽ ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചന- കൊച്ചിൻ ദേവസ്വം ബോർഡ്

ബി.ജെ.പി. നേതാക്കളുടെ നീക്കത്തെ സഹായിക്കുന്ന പ്രവൃത്തി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്നു സംശയമുണ്ട്

പൂരം കലക്കിയതിന് പിന്നിൽ ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചന- കൊച്ചിൻ ദേവസ്വം ബോർഡ്
പൂരം കലക്കിയതിന് പിന്നിൽ ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചന- കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചി: തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചനയാണെന്ന് കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികൾ വരും വർഷങ്ങളിലും ഉണ്ടാകാമെന്നും അതിനാൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂരത്തിന്റെ നടത്തിപ്പിനായി ഉന്നതാധികാര കമ്മിറ്റിക്ക്‌ രൂപം നൽകണമെന്നും സെക്രട്ടറി പി. ബിന്ദു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15 വരെ വൈകിപ്പിച്ചത് തിരുവമ്പാടി ദേവസ്വമാണ്. പൂരം അലങ്കോലമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വാധീമുണ്ടാക്കാനുള്ള ബി.ജെ.പി. നേതാക്കളുടെ നീക്കത്തെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്നു സംശയമുണ്ട്.

Also Read: സരിൻ എത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാർ

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ്‌കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, വത്സൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നു. ബി.ജെ.പി.യുടെ ലോക്‌സഭാ സ്ഥാനാർഥി സുരേഷ് ഗോപി പൂരം അലങ്കോലമായതായി പ്രചരിപ്പിക്കുകയും താനിടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകൾ നൽകുകയും ചെയ്തെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂർ കോർപ്പറേഷന്റെയും സഹകരണത്തോടെ രൂപവത്‌കരിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ പൂർണനിയന്ത്രണത്തിലായിരിക്കണം ഭാവിയിൽ തൃശ്ശൂർപ്പൂരം നടത്തേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Also Read: സുരേന്ദ്രനെ കുറ്റവിമുക്തനായ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജില്ലാ പോലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയെന്നാരോപിച്ച് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളികൃഷ്ണയും അടങ്ങിയ ബെഞ്ച് മറുപടി സത്യവാങ്മൂലം ഫയൽചെയ്യാൻ ഹർജിക്കാരോട് നിർദേശിച്ചു. ഹർജിയിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ടെന്ന് കോടതിയിൽ തിരുവമ്പാടി ദേവസ്വം അറിയിച്ചെങ്കിലും വൈകിട്ടുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല.

Top