ഇന്ത്യയിൽ തരംഗം സൃഷ്ടിക്കാനെത്തുന്ന ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേ യുഎഇയിലും എത്തുന്നു. അബുദാബിയിൽ ജനുവരി 9, 11, 12, 14 തീയതികളിലാണ് പരിപാടി. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ഇതു നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. ഒരു ഷോയിൽ 44,600 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.
വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റ് പോയത്. ആദ്യ 3 ഷോയ്ക്ക് ടിക്കറ്റ് വിൽപന തുടങ്ങിയപ്പോൾ തന്നെ തീർന്നു. ഒരു ദിവസത്തെ പരിപാടിയാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ടിക്കറ്റിന് ആവശ്യക്കാർ ഏറിയതോടെയാണ് ഒരേ വേദിയിൽ 4 തവണ പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചത്. നാലാമത്തെ ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഡേറ്റ് ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ. കരിഞ്ചന്തയിലെ ടിക്കറ്റുകൾ പ്രവേശന കവാടത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പില്ലെന്നും സംഘാടകർ അറിയിച്ചു.
Also Read: കോൾഡ് പ്ലേ ടിക്കറ്റുകൾ കരിചന്തയിൽ; ബുക്ക് മൈ ഷോ സി.ഇ.ഒയെ ചോദ്യം ചെയ്യും
അതേസമയം, കോൾഡ് പ്ലേയുടെ കൺസേർട്ടിന് കരിഞ്ചന്ത വഴി ടിക്കറ്റുകൾ വിറ്റു എന്ന പരാതിയിൽ ബുക്ക് മൈ ഷോ യുടെ സി.ഇ.ഒയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആപ്പിന്റെ സി.ഇ.ഒയായ ആഷിഷ് ഹെമരജനിയും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഹാജരാകണമെന്നാണ് സമൻസ്. 2500 മുതൽ 35,000 രൂപ വരെയാണ് ഷോയുടെ ടിക്കറ്റുകളുടെ ബുക്ക് മൈ ഷോയിലെ വില. എന്നാൽ, കരിഞ്ചന്തയിൽ ഇതേ ടിക്കറ്റുകൾക്ക് 35,000 മുതൽ രണ്ട് ലക്ഷം വരെ വിലയുണ്ട്. കരിഞ്ചന്തയിൽ ടിക്കറ്റ് എത്തിച്ചതും ബുക്ക് മൈ ഷോയാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.