നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യരും, വീണ ജോര്‍ജും

"ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും''

നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യരും, വീണ ജോര്‍ജും
നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യരും, വീണ ജോര്‍ജും

റാന്നി: പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ നൽകിയത്.അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിനെ കാണാനെത്തിയത്. നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.

“ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്, ഒരു പാവത്താനാണ്.

ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു.

നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല” ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തുവന്ന ദിവസം ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് ദിവ്യ എസ് അയ്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്.

Top