ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയയും തുര്‍ക്കിയും

ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെയും പെട്രോ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശനമുയര്‍ത്തി

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയയും തുര്‍ക്കിയും
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയയും തുര്‍ക്കിയും

ന്യൂയോര്‍ക്ക്: 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊളംബിയയും തുര്‍ക്കിയും. ഗാസ മരിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരാശിയും മരിക്കുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധികൊണ്ട് നേരിട്ട നാശങ്ങളേക്കാള്‍ എത്രയോ ഭീകരമായ നാശനഷ്ടങ്ങളാണ് നെതന്യാഹു ഗാസയില്‍ വര്‍ഷിച്ച ബോംബുകളാല്‍ ഉണ്ടായതെന്ന് ഗുസ്താവോ പെട്രോ പറഞ്ഞു. 20,000ത്തോളം കുട്ടികളാണ് ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരിച്ചുവീണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ലെബനനില്‍ മരണം 569, പതിനായിരക്കണക്കിനാളുകള്‍ പലായനം ചെയ്തു

ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള നമ്മള്‍ ഗാസയിലെ പലസ്തീനികളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ലോകരാഷ്ട്രങ്ങളുടെ ശബ്ദം മാത്രമാണ് അന്താരാഷ്ട്ര വേദികളില്‍ കേള്‍ക്കുന്നതെന്നും പെട്രോ പറയുകയുണ്ടായി. ഇത്തരത്തിലുള്ള രാഷ്ട്രങ്ങളുടെ അധികാരം നിലനില്‍ക്കുന്നത് സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അല്ല, മനുഷ്യരെ കൊന്നൊടുക്കുന്നതിലാണ്. ഗാസയിലെ വംശഹത്യക്കെതിരെ വോട്ട് ചെയ്യാന്‍ അവര്‍ വിസമ്മതിക്കുന്നത് ഇക്കാരണത്താലാണെന്നും ഗുസ്താവോ പെട്രോ ചൂണ്ടിക്കാട്ടി.

മനുഷ്വത്വത്തെ നശിപ്പിക്കാന്‍ കഴിയുന്ന പ്രസിഡന്റുമാര്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെയും പെട്രോ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശനമുയര്‍ത്തി. ഗാസ, ലെബനന്‍, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആഗോള തലത്തിലെ പ്രഭുവര്‍ഗം ബോംബിടാന്‍ ശത്രുക്കള്‍ക്ക് അനുമതി നല്‍കുന്നു. വിമത രാജ്യങ്ങളെ താറടിക്കാനുള്ള നീക്കങ്ങളും അതോടൊപ്പം ലോകരാഷ്ട്രങ്ങള്‍ നടത്തുന്നതായും കൊളംബിയ പ്രസിഡന്റ് പറഞ്ഞു.

Also Read: ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശനമുയര്‍ത്തി. നെതന്യഹുവിനെ ശക്തമായ കൂട്ടുകെട്ടിലൂടെ തടയണമെന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്. ഹിറ്റ്ലറെ എങ്ങനെയാണോ പ്രതിരോധിച്ചത് സമാനമായ പ്രവര്‍ത്തനങ്ങള്‍ നെതന്യഹുവിനെതിരെ നടത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ ഒരു കൂട്ടുകെട്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എന്നിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പലസ്തീന്‍ പ്രതിനിധിയെ കണ്ടതില്‍ എര്‍ദോഗാന്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതൊരു ചരിത്രപരമായ ചുവടുവെപ്പാണ്. യു.എന്‍ അംഗമാകാനുള്ള പലസ്തീനിന്റെ അവസാന ഘട്ടമാണിതെന്ന് കരുതാമെന്നും എര്‍ദോഗാന്‍ പറഞ്ഞു. അതേസമയം 12 മാസത്തിനുള്ളില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. 124 അംഗരാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

Also Read: ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര നീതിന്യായ-ക്രിമിനല്‍ കോടതികളുടെ നീക്കങ്ങള്‍, യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം എന്നിവ ചൂണ്ടിക്കാട്ടി ഗാസയിൽ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രമേയം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ പ്രമേയത്തിനെതിരെ യു.എന്നിലെ 14 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു. 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഗുസ്താവോ പെട്രോ ലോകരാഷ്ട്രങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Top