ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ
ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ

ബൊഗോട്ട: ഗസ്സ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കവേ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറും ഒരു പ്രസിഡന്റുമാണ് ഇസ്രായേലിലേത്’ -തലസ്ഥാനമായ ബോഗോട്ടയില്‍ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്റായത്. തെക്കേ അമേരിക്കയില്‍ ഇസ്രായേലിന്റെ പ്രധാന വിമര്‍ശകരിലൊരാളാണ് പെട്രോ.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് ‘ജൂതരിലെ നാസികളുടെ’ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ഗുസ്താവോ പെട്രോ വിമര്‍ശിച്ചിരുന്നു. ഗസ്സയില്‍ മനുഷ്യമൃഗങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്റിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമര്‍ശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിര്‍ത്തിവെക്കുകയാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ ഗസ്സയില്‍ ഭക്ഷണത്തിനായി വരിനിന്നവരുടെ നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം നാസികളുടെ കൂട്ടക്കൊലയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പെട്രോ വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിര്‍ത്തിവെച്ചു.

Top