CMDRF

പ്രതിഷേധക്കളമായ കൊളംബിയ സർവകലാശാല ; രാജിവെച്ച് പിൻമാറി മിനൗഷ് ഷഫീഖ്

പ്രതിഷേധക്കളമായ കൊളംബിയ സർവകലാശാല ; രാജിവെച്ച് പിൻമാറി മിനൗഷ് ഷഫീഖ്
പ്രതിഷേധക്കളമായ കൊളംബിയ സർവകലാശാല ; രാജിവെച്ച് പിൻമാറി മിനൗഷ് ഷഫീഖ്

ഗാസയിലെ ഇസ്രായേൽ വേട്ടക്ക് പിന്നിലുള്ള അമേരിക്കയുടെ പിന്താങ്ങലിൽ പ്രതിഷേധിച്ചാണ് അമേരിക്കയിലെ കൊളംബിയ അടക്കമുള്ള ക്യാമ്പസുകളിൽ പ്രതിഷേധങ്ങൾ കത്തി പടർന്നത്. ഗാസയിലെ വംശഹത്യ നിർത്തണം എന്ന ആവശ്യവുമായാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. സർവകലാശാലയിൽ അണപൊട്ടിയ പലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ സമ്മർദം താങ്ങാനാവാതെയാണ് കൊളംബിയ സർവകലാശാല പ്രസിഡൻ്റ് മിനൗഷ് ഷാഫികിന്റെ രാജി വാർത്ത പുറത്ത് വന്നത്. കൊളംബിയയുടെ ആരോഗ്യ, ബയോമെഡിക്കൽ സേവനങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായ കത്രീന ആംസ്ട്രോങ് ഇടക്കാല പ്രസിഡൻ്റായി പ്രവർത്തിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ​ഗാസയിലെ കൂട്ടക്കുരിതിക്കെതിരെ രാജ്യമാകെ വീശുന്ന സമരക്കൊടുങ്കാ‌റ്റിന്റെ ഉറവിടം കൊളംബിയ സർവകലാശാലയാണ്.

ഏപ്രിൽ 17നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധം ടെന്റുകൾ സ്ഥാപിച്ചത്. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളിൽനിന്ന് യൂണിവേഴ്സിറ്റി പിന്മാറണം എന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികൾക്കുള്ള മറുപടി ന്യൂയോർക്ക് പൊലീസ് ആയിരുന്നു നൽകിയത്. വിദ്യാർഥികളെ അറസ്റ്റ് ചെയ്യലും ടെന്റുകളും നശിപ്പിക്കലും തുടങ്ങി സമരമുറകളെ തളർത്താനുളള പണികൾ യൂണിവേഴ്സിറ്റി തുടങ്ങി. വിദ്യാർഥികളുടെ അറസ്റ്റോടെ കാര്യങ്ങൾ കൈവിട്ടു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, യേൽ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ തുടങ്ങിയ യൂണിവേഴ്‌സിറ്റികൾ ഐക്യദാർഢ്യവുമായി രംഗത്തെത്തി. സമരത്തെ അടിച്ചമർത്താനുള്ള പൊലീസിന്റെയും, യൂണിവേഴ്സിറ്റിയുടെയും പദ്ധതികൾക്കേറ്റ തിരിച്ചടിയായിരുന്നു കൂടുതൽ സർവകലാശാലകളുടെ രം​ഗപ്രവേശനം. തകർക്കപ്പെട്ടടുത്തു തന്നെ പുതിയ ടെന്റുകൾ സ്ഥാപിക്കപ്പെട്ടു. 56 വർഷങ്ങൾക്ക് മുമ്പ് 1968ൽ നടന്ന കൊളംബിയ വിദ്യാർത്ഥി പ്രക്ഷോഭത്തെ അമേരിക്ക വീണ്ടും ഓർത്തു.

കൊളംബിയയിലെ രൂക്ഷമായ സമരം അവസാനിപ്പിക്കാൻ വിദ്യാർഥി പ്രതിനിധികളും യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടു. വിദ്യാർഥികൾ മാത്രമല്ല, ഒരു വിഭാഗം അധ്യാപകരും അനധ്യാപകരും പ്രതിഷേധത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. കടുത്ത സമ്മർദത്തിലായ സർവകലാശാല അധികൃതർക്ക് കാര്യങ്ങൾ കയ്യിപിടിയിലാക്കാൻ കഴിഞ്ഞില്ല. ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾ അനുനയിപ്പിക്കാൻ കഴിയാതെ സ്ഥാനമാെഴിയുന്ന ഐവി ലീഗ് സർവകലാശാലയുടെ മൂന്നാമത്തെ പ്രസിഡൻ്റാണ് മിനൗഷ് ഷഫീക്ക്. സമരമുഖത്തെ അടക്കാൻ പല തന്ത്രങ്ങളും മിനൗഷ് പയറ്റി.

ഒടുവിൽ തോറ്റു പിൻമാറുമ്പേൾ പ്രതിഷേധ ജ്വാലക്കു മുന്നിലെ വെല്ലുവിളികളെ മറികടക്കാൻ തനിക്ക് ആയില്ലെന്ന് മിനൗഷ് കുറിച്ചു. നീതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചു, എന്നാൽ അതിൽ പരാജയപ്പെട്ടതിൽ വിഷമമുണ്ടെന്നും മിനൗഷ് പറഞ്ഞു. ലോകബാങ്ക്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലൊക്കെ മുമ്പ് ജോലി ചെയ്തിരുന്ന മിനൗഷ് ഈജിപ്ഷ്യൻ വംശജയാണ്. മുമ്പ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ നേതൃത്വത്തിന് പ്രശ്നത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് മിനൗഷിന്റെ പ്രതിക്ഷ. 2023 ജൂലൈയിലാണ് മിനൗഷ് കൊളംബിയ സർവകലാശാലയുടെ 20-ാമത്തെ പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്തത്.

ഒക്ടോമ്പർ 7 ന് ആരംഭച്ച യുദ്ധത്തിൽ ഇപ്പോഴും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. സമാനതകളില്ലാത്ത പകപോക്കൽ രീതികൾ ​ഗാസയിൽ ഇസ്രയേൽ നടത്തുമ്പോൾ യുദ്ധനയങ്ങളൊക്കെ കാറ്റിൽ പറത്തിയാണ് ഇസ്രയേലിന്റെ അഴിഞ്ഞാട്ടം. സ്ത്രീകളോടും കുട്ടികളോടും അങ്ങേയറ്റം നീചതയും, മനുഷ്യ മനസാക്ഷിയെ കരയിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളുമെല്ലാം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ ആളികത്തുന്ന പ്രതിഷേധ ജ്വാലകൾക്ക് അറുതിയുണ്ടാവുകയില്ല. ഉയർന്നുപൊങ്ങുന്ന ശബ്ദങ്ങളെ അടക്കി നിർത്താൻ സാധിക്കാതെ നട്ടം തിരിഞ്ഞ് ഇനിയും ഇതുപേലുള്ള രാജികൾ ആവർത്തിക്കപ്പെടും.

Top