കോമ സ്റ്റേജിലാക്കി അപകടം; ഇടപെട്ട് ലീ​ഗൽ സർവ്വീസ് അതോറിറ്റി

കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുള്ള എല്ലാ സാധ്യതകളും തേടുന്നെന്ന് ജില്ല ലീ​ഗൽ സർവീസ് അതോറിറ്റി അറിയിച്ചു

കോമ സ്റ്റേജിലാക്കി അപകടം; ഇടപെട്ട് ലീ​ഗൽ സർവ്വീസ് അതോറിറ്റി
കോമ സ്റ്റേജിലാക്കി അപകടം; ഇടപെട്ട് ലീ​ഗൽ സർവ്വീസ് അതോറിറ്റി

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ വാഹനാപകടം നടന്ന സംഭവത്തിൽ ഇടപെട്ട് ലീ​ഗൽ സർവ്വീസ് അതോറിറ്റി. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ടി അൻസി കുട്ടിയെ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയാണ് കുട്ടിയുടെ കുടുംബത്തെ കണ്ടത്. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുള്ള എല്ലാ സാധ്യതകളും തേടുന്നെന്ന് ജില്ല ലീ​ഗൽ സർവീസ് അതോറിറ്റി അറിയിച്ചു.

കുട്ടിക്ക് എല്ലാത്തരത്തിലുള്ള നിയമസഹായവും എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ലീ​ഗൽ സർവീസ് അതോറിറ്റി അറിയിച്ചിരുന്നു. കുഞ്ഞിന്റെ ദയനീയ അവസ്ഥ സബ്‍ജഡ്ജ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. നാളെ ഹൈക്കോടതിയുടെ കീഴിലുള്ള കേരള ലീ​ഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകർ കൂടി കുട്ടിയെ സന്ദർശിക്കും.

സംഭവത്തിന്റെ വിശദാംശങ്ങൾ ചുവടെ:

ഈ വർഷം ഫെബ്രുവരി 17 ന് വടകര ചോറോട് ദേശീയ പാതയിൽ വെച്ചാണ് ഒമ്പതുവയസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയത്. കാറിനെക്കുറിച്ച് ആറുമാസമായിട്ടും പൊലീസിന് ഒരു തുമ്പും കണ്ടെത്താനാകാത്തതിനെക്കുറിച്ചും കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ സ്ഥിതിയിൽ കഴിയുന്ന കുട്ടിക്ക് അപകട ഇൻഷുറൻസ് പോലും ലഭിക്കാത്തതിനെക്കുറിച്ചുമുള്ള വാർത്ത പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ ഇടപെട്ടു. ലീഗൽ സർവീസ് അതോറിറ്റി മുഖേന വടകര പൊലീസിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പട്ടു. ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധികൾ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. കുടുംബത്തിന് സൗജന്യ നിയമസഹായത്തിനായി അഭിഭാഷകനെ കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ചു. ഇടിച്ച വാഹനം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വടകര റൂറൽ എസ്പി പ്രതികരിച്ചു.

Also read: ആലപ്പുഴയില്‍ വീട്ടമ്മ ബസിടിച്ച് മരിച്ചു

കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം എസ്പി വിലയിരുത്തി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചോറോട് ഭാഗത്തെ നിരവധി കടകൾ പൊളിച്ചു മാറ്റിയത് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ തടസമായെന്നാണ് പൊലീസ് വാദം. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് കുടുംബം പറഞ്ഞു. വാഹനത്തിന്റെ സൂചനകളെക്കുറിച്ചുള്ള ഒരു മൊഴി നേരത്തെ ഓട്ടോക്കാരനിൽ നിന്നും പൊലീസിന് ലഭിച്ചെങ്കിലും ഇതുമായി ബന്ധപ്പെടുന്ന മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

Top