സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങും: ബിനോയ് വിശ്വം

സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്

സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങും: ബിനോയ് വിശ്വം
സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങും: ബിനോയ് വിശ്വം

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിര്‍ബന്ധമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമീപിക്കുന്നത് ഈ കാഴ്ച്ചപ്പാടോടെയാണ്. ഇന്ത്യന്‍ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. അതിലെ ശുപാര്‍ശകള്‍ കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഇടതുപക്ഷ നീതിബോധത്തിന്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് പ്രബുദ്ധകേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിന്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Hema Committee report

ലൈംഗികാരോപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നടന്‍ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനവും രഞ്ജിത് സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുന്നതായി ഇന്ന് രാവിലെയാണ് സിദ്ദിഖ് അറിയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു.

രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമര്‍ശം.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; നിലപാടറിയിക്കാൻ ഫെഫ്ക

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

Top