തിരുവനന്തപുരം: തിരുവനന്തപുരം അയിരൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
ഇന്നലെയാണ് പരാതി നല്‍കിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി ഉയര്‍ന്നത്. മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ഉയരുന്ന പരാതി. തിരുവനന്തപുരം അയിരൂരിലാണ് കെഎസ്ഇബി വീണ്ടും നിയമം കയ്യിലെടുത്തത്. അയിരൂര്‍ സ്വദേശി രാജീവാണ് പരാതിക്കാരന്‍. അതിനിടെ, വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കണക്ഷന്‍ പുനഃസ്ഥാപിച്ചിരുന്നു.
രാജീവന്റെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ ജീവനക്കാര്‍ മദ്യപിച്ച് അശ്ലീലം പറയുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഇതുവരെ വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. പിഞ്ചു കുട്ടികളടക്കം രാത്രിയില്‍ ഇരുട്ടില്‍ കഴിയേണ്ടിവന്നുവെന്നാണ് പരാതി. അതേസമയം, കുടുംബത്തിനെതിരെ കേസ് കൊടുത്തും പ്രതികാരം ചെയ്യുകയാണ് കെഎസ്ഇബി. മദ്യപിച്ച് എത്തിയതിന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്‌ഐആര്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് കെഎസ്ഇബി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബിയുടെ പരാതി.
അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി രം?ഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി മീറ്റര്‍ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ ഫീഡര്‍ ഓഫ് ഓഫ് ചെയ്തിട്ടു പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈന്‍മാന്‍മാരെ വളരെ മോശമായി ഭാഷയില്‍ ചീത്ത വിളിക്കുകയും തിരികെ പോകാന്‍ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി പറയുന്നു. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോള്‍ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ ഇവരെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.