തൃശ്ശൂര്‍: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ തൃശ്ശൂര്‍ സിറ്റി പൊലീസിന് പരാതി. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ഇടത് പ്രവര്‍ത്തകന്‍ കെ കേശവദേവാണ് പരാതിക്കാരന്‍. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരായ വര്‍ഗീയ വാദി, മുസ്ലിം വിരോധി പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയത്. ദുഷ്ടലാക്കോടെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും മതേതര സംവിധാനം തര്‍ക്കുന്നതിനും കാരണമായെന്ന് പരാതിയില്‍ ആരോപിക്കുന്നു.
അതിനിടെ നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.