അഗർത്തല: ത്രിപുരയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്കൂൾവിട്ട് മടങ്ങിവരുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ബെലോണിയ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ. സ്കൂളിൽ നിന്ന് കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ശനിയാഴ്ചയോടെ വീടിന് തൊട്ടടുത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
ALSO READ: പൂജാരിയുടെ മോതിരം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
22 വയസ് പ്രായമുള്ള ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് വിവരം.ഇയാൾ ഇതേ പ്രദേശത്തുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽവെച്ച് പീഡിപ്പിച്ചശേഷം ഇയാൾ കുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.