തിരുവനന്തപുരം: സഹപ്രവർത്തകയായ വനിതാ സിവിൽ പൊലീസ് ഓഫീസറെ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടെലി കമ്യൂണിക്കേഷൻ വിഭാഗം ഗ്രേഡ് എസ്.ഐ വിൽഫറിനെ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജോലിക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തിച്ചു. അവിടെ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി. തുടർന്നാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്.