ആലപ്പുഴ: ചികിത്സാപ്പിഴവ് മൂലം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയോധിക മരിച്ചെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാപ്പിഴവ് മൂലമാണ് പുന്നപ്ര സ്വദേശി ഉമൈബ (70) മരിച്ചതെന്നാണ് പരാതി.
പനി ബാധിച്ച് 24 ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ബുധനാഴ്ച രാത്രി 8ന് ഉമൈബ മരിച്ചു. തുടര്‍ന്നു മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധിച്ചിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നില്‍ സ്ട്രക്ചറില്‍ കിടത്തിയാണ് പ്രതിഷേധിച്ചത്.