‘കരിങ്കാളിയല്ലേ…’ എന്ന മലയാള ഗാനം നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്ന് നിർമാതാക്കൾ പറയുന്നു. ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിന്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.