തിരുവനന്തപുരം: പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി. ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഗ്രൂപ്പ് യോഗം വിളിച്ച് ചേർത്തുവെന്നാണ് പരാതി. മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി യോഗത്തിൽ പങ്കെടുത്തിരുന്നെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നു.
വിശദാംശങ്ങൾ ചുവടെ:
‘ പാർട്ടിക്കകത്തെ ഗ്രൂപ്പ് പ്രവർത്തനവും, ഏകാധിപത്യ പ്രവണതയും സംഘടനയുടെ ഐക്യത്തെ ബാധിക്കും. ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തത് ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ പാർട്ടിക്ക് ദോഷകരമാകും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം,’ പരാതിയിൽ സൂചിപ്പിച്ചു.
Also read: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
നേരത്തെയും യൂത്ത് കോൺഗ്രസ് പാലക്കാട് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് വിപിൻ രംഗത്തെത്തിയിരുന്നു. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ട് തന്നോട് വളരെ മോശം രീതിയിലാണ് ജില്ലാ നേതൃത്വം പെരുമാറിയിരുന്നതെന്ന് വിപിൻ ആരോപിച്ചിരുന്നു. വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതി നൽകിയിരുന്നു.