ദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ 40 ദിവസത്തിലേറെയായി ദുബൈയിൽ കാണാനില്ലെന്ന് പരാതി. നെല്ലിമുക്ക് സ്വദേശി ജിതിനെയാണ് കഴിഞ്ഞ ഏപ്രിൽ എട്ട് മുതൽ കാണാതായത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാട്ടിൽനിന്ന് അധികൃതർക്ക് പരാതി നൽകി. 2018 മുതൽ ദുബൈയിലെ ഒരു ആംബുലൻസ് സർവിസ് കമ്പനിയിൽ ഇ.എൻ.ടി വിഭാഗം ജീവനക്കാരനായിരുന്നു ജിതിൻ, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷണത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബം പറയുന്നു.
ജോലിയില്ലാത്തതിനാൽ ഈവർഷം മാർച്ചിൽ ഇദ്ദേഹത്തിൻ്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതലാണ് ജിതിനെക്കുറിച്ച് വിവരമില്ലാതായതെന്ന് മാതാവ് ശോഭ അധിക്യതർക്ക് നൽകിയ പരാതിയിൽ പറയുന്നു. മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലുള്ള കുടുംബം നോർക്കയിലും, ശശി തരൂർ എം.പിക്കും പരാതി നൽകിയിട്ടുണ്ട്. വിസ കാലാവധി തീർന്ന് അനധികൃത താമസക്കാരനായതിന്റെ പേരിൽ ജിതിൻ പിടിയിലായതാണോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.