ദില്ലി: മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ അന്വേഷണത്തിന് ഏകാംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.
മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരെ ഉയർന്ന ആരോപണത്തിലാണ് അന്വേഷണത്തിന് അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചത്. അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നും പേഴ്സണൽ മന്ത്രാലയം അറിയിച്ചു.
അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിരുന്നു. ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.
നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പുറമേ സർവീസിൽ ചേരും മുൻപ് തന്നെ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെട്ടെന്നും സ്വകാര്യ ആഡംബര കാറിൽ സർക്കാർ മുദ്രയും ബീക്കൺ ലൈറ്റും ഘടിപ്പിച്ചെന്നുമടക്കം പരാതികൾ പൂജക്കെതിരെ ഉയർന്നിട്ടുണ്ട്.