ആദിവാസി ഭവനതട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നത് ചെങ്കൊടിക്ക് അഭിമാനമാണോ സഖാവേ ?

ആദിവാസി ഭവനതട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നത് ചെങ്കൊടിക്ക് അഭിമാനമാണോ സഖാവേ ?
ആദിവാസി ഭവനതട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നത് ചെങ്കൊടിക്ക് അഭിമാനമാണോ സഖാവേ ?

ണ്ണൂരില്‍ നിന്നുള്ള കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് പരസ്യ പ്രസ്താവന നടത്തി സി.പി.എമ്മിനെ ആക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനോട് ഒരു ചോദ്യം. ആദിവാസി ഭവനതട്ടിപ്പ് നടത്തിയ നേതാവിനെ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാക്കി സംരക്ഷിക്കുന്ന അങ്ങയുടെ നടപടി ചെങ്കൊടിക്ക് അഭിമാനമാണോ എന്നതിനാണ് ആദ്യം മറുപടി പറയേണ്ടത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസികളുടെ ഭവന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ നല്‍കിയ പണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത അനുയായിയായ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം ബഷീര്‍ തട്ടിയെടുത്തിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഭവനപദ്ധതി തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയായ പി.എം ബഷീറിനെതിരെ നടപടിയെടുക്കാതെ കേസ് തന്നെ അവാസ്തവമെന്ന നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടാണ് കണ്ണൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുകയാണെന്ന് ബിനോയ് വിശ്വം വലിയ വായില്‍ വിലപിക്കുന്നത്. സി.പി.എമ്മിനകത്ത് പ്രശ്നമുണ്ടെങ്കിൽ അത് ആ പാർട്ടി തീർത്തു കൊള്ളും. അതിനുള്ള സംഘടനാ സംവിധാനം സി.പി.എമ്മിനുണ്ട്.

ബിനോയ് വിശ്വം സ്വന്തം പാർട്ടിയുടെ ശക്തി എത്രയാണെന്നത് അളന്നിട്ട് മാത്രം സംസാരിക്കുന്നതാണ് നല്ലത്. എറണാകുളത്തും ഇടുക്കിയിലും ഉൾപ്പെടെ സി.പി.ഐയിലെ പല നേതാക്കളും പ്രവർത്തിക്കുന്നത് കമ്യൂണിസ്റ്റ് രീതിയിലാണോ എന്നതിനും ബിനോയ് വിശ്വം മറുപടി പറയണം. സി.പി.എമ്മിൻ്റെ അടിത്തറ ഇടതുപക്ഷത്തിന് നൽകുന്ന കരുത്തും പന്ന്യൻ രവീന്ദ്രനെ പോലെയുള്ള നല്ല നേതാക്കൾ ഉള്ളതും കൊണ്ടാണ് ഇപ്പോഴും സി.പി.ഐയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത്. അതും ഓർമ്മ വേണം.

കുഴപ്പക്കാരായ പ്രവർത്തകരും നേതാക്കളും എല്ലാ പാർട്ടികളിലുമുണ്ട്. അവർക്കെതിരെ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ചെയ്യാനുള്ളത്. ആ കടമ നിർവ്വഹിക്കാൻ ബിനോയ് വിശ്വവും ബാധ്യസ്ഥനാണ്.അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മ്മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയതിന് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളിലെ ഒന്നാം പ്രതിയാണ് പി.എം ബഷീര്‍. രണ്ടു കേസുകളില്‍ മണ്ണാര്‍ക്കാട് എസ്.എസ്.ടി കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുകയുമാണ്. ഭവനതട്ടിപ്പില്‍ നീതി തേടി 8 വര്‍ഷമായി ആദിവാസികള്‍ നിയമപോരാട്ടം നടത്തുകയാണ്.

ബഷീറിനെതിരെ കേസുണ്ടായപ്പോള്‍ സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സുബ്രഹ്മണ്യന്‍, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.എ അജയ്കുമാര്‍ എന്നിവര്‍ അട്ടപ്പാടിയിലെത്തി തെളിവെടുപ്പ് നടത്തി ബഷീറിനെതിരെ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്ന കാര്യവും ഈ ഘട്ടത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ ഓർമ്മപ്പെടുത്തുകയാണ്.

ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചാണ് ബിനോയ് വിശ്വം ഇപ്പോൾ പി.എം ബഷീറിനെ സംരക്ഷിക്കുന്നത്. നടപടിയെടുക്കേണ്ട ബഷീറിനെ, കഴിഞ്ഞ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമാക്കി പ്രത്യേക ചുമതലയും നൽകിയിരുന്നു. ഇതിനെതിരെ ആദിവാസികള്‍ പരാതി പറഞ്ഞപ്പോള്‍ ബഷീറിനെതിരെ നടപടിയെടുക്കാന്‍ ആനി രാജ നേരിട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിനോയ് വിശ്വവും, അസിസ്റ്റന്റ് സെക്രട്ടറിയും ഇപ്പോഴത്തെ രാജ്യസഭ അംഗവുമായ പി.പി സുനീറും ചേര്‍ന്ന് ബഷീറിനെ സംരക്ഷിക്കുകയാണ് ഉണ്ടായത്.

ഭവന തട്ടിപ്പു കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊടിയുടെ നിറം നോക്കാതെ ആദിവാസികള്‍ക്ക് നീതിക്കായി ഇടപെട്ടത് അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലനായിരുന്നു. ബാലന്റെ ഇടപെടലിലാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണമുണ്ടായതും മൂന്നു കേസുകളിലും ബഷീര്‍ ഒന്നാം പ്രതിയായി മാറിയിരുന്നതും.

കണ്ണൂരിൽ ചെങ്കൊടി തണലിൽ അധോലോക സംസ്കാരം പാടില്ലന്ന് മാധ്യമങ്ങൾക്കു മുന്നിൽ വീമ്പിളക്കുന്ന ബിനോയ് വിശ്വം നിലമ്പൂരിലെ നിങ്ങളുടെ നേതാവിൻ്റെ പ്രവർത്തി ചെങ്കൊടിക്ക് അഭിമാനമാണോ എന്നാണ് ആദ്യം വ്യക്തമാക്കേണ്ടത്.

പി.എം ബഷീര്‍ നിലമ്പൂര്‍ നഗരസഭാംഗമായിരിക്കെ 2015-16ലാണ് അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മ്മാണത്തിനായുള്ള എ.ടി. എസ്.പി പദ്ധതിയുടെ കരാറുകാരനായത്. അഗളിയിലെ പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ് ബഷീറും സുഹൃത്തായ അബ്ദുല്‍ഗഫൂറും കരാറുകാരായി എത്തിയത്. സിമെന്റുപോലും ആവശ്യത്തിന് ഉപയോഗിക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ് വീട് പണി നടത്തിയതെന്നാണ് ആരോപണമുയർന്നിരുന്നത്. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍ നിന്നും വാങ്ങിയെടുക്കുകയും ചെയ്തു.

ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോഴാണ് ആദ്യ പ്രതിഷേധമുയർന്നത്. വീടുകള്‍ വിണ്ടു കീറുകയും മഴയത്ത് ചോര്‍ന്നൊലിക്കാനും തുടങ്ങിയതും വിഷയം സങ്കീർണ്ണമാക്കി. ഇതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ അനുവദിക്കുകയാണ് ഉണ്ടായത്.

ഇതറിഞ്ഞ ബഷീര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത പണം തട്ടിയെടുക്കുന്നതിന് ഊരിലെത്തുകയും, അടുത്തഗഡു പണം ലഭിക്കാന്‍ എല്ലാവരെയും അധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞ് കാറില്‍ അഗളി എസ്.ബി.ഐ ബാങ്കില്‍ എത്തിക്കുകയായിരുന്നു എന്നാണ് ആദിവാസികൾ പറയുന്നത്. ഇവിടെ നിന്ന് ഒരോരുത്തരുടെയും അക്കൗണ്ടിലെത്തിയ 1,28,000 രൂപ രേഖകളില്‍ ഒപ്പുവെപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവത്രെ. പിന്നീട് ഓരോരുത്തര്‍ക്കും 500 രൂപ നല്‍കി കോളനിയില്‍ തിരികെ വിടുകയും ചെയ്തു. റങ്കി, രേശി, കലാമണി, പാപ്പാള്‍, കാളികാടന്‍, ശാന്തി, ചെല്ലി എന്നീ ആദിവാസികളാണ് തട്ടിപ്പിനിരയായത്.

പിന്നീടാണ് കബളിപ്പിക്കപ്പെട്ട വിവരം അവർ മനസിലാക്കിയത്. ഇതോടെ അഗളി പോലീസില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്. തുടർന്ന് അഗളി പോലീസാണ് അബ്ദുല്‍ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്. കേസ് അട്ടിമറിക്കാന്‍ പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുമുണ്ടായിട്ടുണ്ട്. ഇതോടെയാണ് അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലനെ നേരില്‍ കണ്ട് ആദിവാസികൾ പരാതി പറഞ്ഞത്. എ.കെ ബാലന്റെ ഇടപെടലിലാണ് കേസ് ലോക്കൽ പൊലീസിൽ നിന്നും മാറ്റി ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നത്. അറസ്റ്റിലായ ബഷീര്‍ അഞ്ച് ദിവസം റിമാന്റില്‍ ജയിലിലായിരുന്നു.

ഇതെല്ലാം മറന്നുകൊണ്ടാണ് ബിനോയ് വിശ്വം ഇപ്പോൾ പ്രതികരിക്കാൻ സ്വയം ‘അവസരമുണ്ടാക്കി’ സി.പി.എമ്മിനെ ആക്രമിക്കുന്നത്. കമ്യൂണിസ്റ്റുകൾ ചേർത്തുപിടിക്കേണ്ട ആദിവാസികളുടെ പണം പോലും തട്ടിയെടുക്കാൻ മടിയില്ലാത്തവർ ഇപ്പോഴും ഉള്ള പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ചെങ്കൊടിത്തണലിൽ ഇത്തരക്കാർക്ക് നൽകുന്ന സംരക്ഷണമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

റിപ്പോർട്ട് : ബിജു പ്രവീൺ

Top