ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം കാണുന്നതിനായി ഏത് സമരത്തേയും പ്രതിജ്ഞയെയും ലംഘിക്കുന്നുവെന്ന് ഇ പി ജയരാജന്‍. ഇന്‍ഡിഗോയുമായുള്ള പ്രശ്‌നത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനം തികച്ചും ശരിയാണെന്ന് ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമായിരുന്നു ഇന്‍ഡിഗോയില്‍ നടന്നത്. വിമാനത്തിനകത്തുവെച്ച് ഒരു മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ആസൂത്രിതമായി കടന്നുകയറിയ ആളുകള്‍, വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഞാന്‍ ആ വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരന്‍ എന്ന നിലയില്‍ അക്രമികളെ പ്രതിരോധിച്ചു. ഇന്‍ഡിഗോയുടെ അന്തസ് കാത്ത് സൂക്ഷിച്ചത് ഞാനാണ്. ഇന്‍ഡിഗോ പ്രശംസ തരേണ്ടത് എനിക്കാണ്. എന്നാല്‍, അവര്‍ ചെയ്തത് ഏതോ ബാഹ്യശക്തികളുടെ സ്വാധീനത്തില്‍ വഴങ്ങി ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതിന് കുറ്റവാളികളായവര്‍ക്ക് രണ്ടാഴ്ച വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. അതില്‍ ഏറ്റവും വലിയ കുറ്റക്കാരനായി എന്നെ ചിത്രീകരിച്ചത് തികച്ചും തെറ്റായ നടപടിയായിരുന്നു. അതിന്റെ ഭാഗമായിട്ടുള്ള എന്റെ പ്രതിഷേധമായിരുന്നു സമരം. ആ സമരം തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.
Also Read: കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; വിവാദത്തിൽ ഇടപെട്ട് മന്ത്രി
ഇപ്പോള്‍ സഖാവ് സീതാറാം യെച്ചൂരി അന്തരിച്ചു. അദ്ദേഹം അന്തരിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ എങ്ങനെ അവിടെയെത്താം എന്നുള്ളതായിരുന്നു എന്റെ ചിന്ത. അന്നത്തെ ദൗതീക സാഹചര്യത്തില്‍ ഞാനെടുത്ത നിലപാട് ശരിയായിരുന്നു. ഇപ്പോള്‍ എന്റെ ഭൗതീക സാഹചര്യം സഖാവ് സീതാറാം യെച്ചൂരിയുടെ അടുത്ത് എത്തുക എന്നുള്ളതാണ്. അതിന് എന്റെ സമരം ഉപേക്ഷിക്കണം. ഞാന്‍ പ്രാധാന്യം നല്‍കുന്നത് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഒന്ന് കാണുക എന്നുള്ളതാണ്. ആ ദൗത്യം നിര്‍വ്വഹിക്കാന്‍ എന്റെ ഏത് സമരത്തേയും പ്രതിജ്ഞയേയും ഞാന്‍ ലംഘിക്കുന്നു, എന്റെ പ്രിയപ്പെട്ട സഖാവാണ്. 44 വര്‍ഷക്കാലമായി ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെയുള്ള സഖാവ് അന്തരിച്ചു എന്ന് കേട്ടാല്‍ ഞാന്‍ ഇതിന്റെ മേല്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണോ വേണ്ടത്. ഉള്ള വിമാനത്തിലോ, എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തുക എന്നുള്ളതെ എന്റെ മുന്‍പില്‍ ഉള്ളൂ. അന്നത്തെ ഭൗതീക സാഹചര്യത്തിനനുസരിച്ച് താന്‍ എടുത്ത നിലപാട് തികച്ചും ശരിയായിരുന്നു. ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനവും തികച്ചും ശരിയാണ്’, ഇപി ജയരാജന്‍ പറഞ്ഞു.