തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. നേരത്തെയും സമാനമായ വിമര്‍ശനം എം വി ഗോവിന്ദന്‍ ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിക്ക് തന്നെ കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രങ്ങളില്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ പെട്ടെന്ന് വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടുവരുന്നതായി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷംകൊണ്ട് വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അത്തരക്കാരെ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികള്‍ ആവുന്നതും ഇത്തരത്തിലുള്ള ദോഷം ഉണ്ടാക്കുന്നുണ്ടെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് വേണ്ടി കരുനാഗപള്ളിയില്‍ ചേര്‍ന്ന മേഖലാ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.തെറ്റുതിരുത്തല്‍ രേഖ എല്ലാതലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏത് വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇരുപതോളം ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ പോയി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്ഫോടനവും തിരിച്ചടിയായി എന്നും എം വി ഗോവിന്ദന്‍ നിരീക്ഷിച്ചിരുന്നു. നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ എസ്എന്‍ഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്രസമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.