ഉംറയുടെ മറവിൽ വരുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ വർധനവിൽ ആശങ്ക; സൗദി അറേബ്യ

ഭിക്ഷാടകർ രാജ്യത്തേക്ക് കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് സൗദി ആവശ്യപ്പെട്ടു

ഉംറയുടെ മറവിൽ വരുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ വർധനവിൽ ആശങ്ക; സൗദി അറേബ്യ
ഉംറയുടെ മറവിൽ വരുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ വർധനവിൽ ആശങ്ക; സൗദി അറേബ്യ

ഉംറയുടെ മറവിൽ തങ്ങളുടെ രാജ്യത്തേക്ക് വരുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ. ഭിക്ഷാടകർ രാജ്യത്തേക്ക് കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് സൗദി ആവശ്യപ്പെട്ടു. ഇത്തരം ശ്രമങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാനിലെ ഉംറ, ഹജ് തീർഥാടകരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതർ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി ഹജ്ജ് മന്ത്രാലയം ആണ് പാകിസ്ഥാൻ മതകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാലിക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെയാണ് പാകിസ്ഥാന് സൗദി അറേബ്യ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഉംറയുടെ മറവിൽ ആണ് പാകിസ്ഥാനി ഭിക്ഷാടകർ സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുകയും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുകയുമാണ് ഇവർ. ഇതിന് മുമ്പും ഒരു തവണ പാകിസ്ഥാന് ഇതേ വിഷയത്തിൽ സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ജൂലൈയിൽ 2000 ഭിക്ഷാടകരുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്യാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരുന്നു.

അറബ് രാജ്യങ്ങളിലെ 100 ഭിക്ഷാടകരിൽ 90 പേരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് കഴിഞ്ഞ വർഷത്തെ റിപ്പോർട്ട്. വിഷയത്തിൽ കർശനമായ നടപടികൾ നടപ്പാക്കുമെന്നും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്ഐഎ) ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി, സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിക്കിനെ അറിയിച്ചു.

Top