ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമേനിയുടെ പിൻഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയ്യാറായി. നിലവിൽ മൂന്നു പേരുടെ പട്ടികയാണ് തയാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്സ്പേർട്സ്) അറിയിച്ചു. അതേസമയം ഈ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ വിദഗ്ധ സമിതി അംഗം അബോൽഹസൻ മഹ്ദവി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ വിദഗ്ധ സമിതിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ, ആവശ്യം വന്നാൽ വളരെ വേഗം തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ തയാറായിരിക്കണമെന്ന് ഖമേനി സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി ഇറാൻ മാധ്യമമായ ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു. അതോടൊപ്പം ഇസ്രയേൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന തോന്നലാണ് ഖമേനിയുടെ വാക്കുകളിലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read :യുദ്ധക്കൊതിയനായ ബൈഡന്റെത് ‘ കടുത്ത തീരുമാനം’; ആഞ്ഞടിച്ച് ഇലോണ്‍ മസ്‌ക്
വിദഗ്ധ സമിതിയുടെ ഈ പ്രഖ്യാപനം എത്തിയതോടെ ഖമേനിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതല്‍ ശക്തമായി. ഖമേനി അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ ചുറ്റിപ്പറ്റിയാണ് ആശങ്കകൾ ഉയർന്നത്. എന്നാൽ, തിങ്കളാഴ്ച രാവിലെ ലബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിയുമായി ഖമേനി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധ്യതയുള്ളവർ
ഖമേനിയുടെ മകൻ മൊജ്താബ ഖമേനിയുടെ പേരാണ് പിൻഗാമി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിൽ ഒന്ന്. ഇറാന്റെ സുപ്രധാന നയ രൂപീകരണങ്ങളിൽ 27 വർഷമായി മൊജ്താബയ്ക്ക് പങ്കുണ്ട്. ആയത്തുള്ള അലി ഖമേനിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്താബ ഖമേനി. ഖമേനിയുടെ വിശ്വസ്തനായ അലിറീസ അറാഫിയാണ് പിന്നീട് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരാൾ. ഗാർഡിയൻ കൗൺസിൽ അംഗവും വിദഗ്ധ സമിതിയുടെ രണ്ടാം ഡപ്യൂട്ടി ചെയർമാനുമാണ് ഇദ്ദേഹം.
Also Read : ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകൾ കുറയുന്നു: പഠന റിപ്പോർട്ട്
വിദഗ്ധ സമിതി ആദ്യ ഡപ്യൂട്ടി ഇറാന്റെ പ്രഥമ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ റൂഹള്ള ഖുമൈനിയുടെ പൗത്രരായ അലി ഖുമൈനി, ഹസൻ ഖുമൈനി, കൂടാതെ ചെയർമാൻ ഹാഷിം ഹുസൈനി ബുഷെഹ്രിയാണ് പട്ടികയിൽ ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരു മുഖം. ഇവരുടെ പേരുകളും ഖമേനിയുടെ പിൻഗാമി സ്ഥാനത്തേക്ക് കേൾക്കുന്നുണ്ടെങ്കിലും ഇവർ വിദഗ്ധ സമിതിയിൽ അംഗമല്ലാത്തതിനാൽ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.