ചന്ദിപുര വൈറസ് ബാധ: ഗുജറാത്തിൽ പുതിയ ഏഴ് കേസുകൾ കൂടി

ചന്ദിപുര വൈറസ് ബാധ: ഗുജറാത്തിൽ പുതിയ ഏഴ് കേസുകൾ കൂടി
ചന്ദിപുര വൈറസ് ബാധ: ഗുജറാത്തിൽ പുതിയ ഏഴ് കേസുകൾ കൂടി

ഗാന്ധിനഗർ: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധന. 7 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. വൈറസ് ബാധിച്ച് ഇതുവരെ 20 പേരുടെ മരണവും റിപ്പോർട്ട് ചെയ്തതായി ഗുജറാത്ത് സർക്കാർ അറിയിച്ചു.

സബർകാന്ത, ആരവല്ലി, പഞ്ച്മഹൽ, മോർബി, വഡോദര ജില്ലകളിൽ ഓരോരുത്തർക്കും മെഹ്‌സാനയിൽ രണ്ട് പേർക്കുമാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനാണ് ചന്ദിപുര വൈറസ് ഗുജറാത്തിൽ സ്ഥിരീകരിച്ചത്. മരിച്ചവരുടെ സാംപിളുകൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചാണ് പരിശോധിക്കുന്നത്.

മുഖ്യമായും കുട്ടികളെ ബാധിക്കുന്ന ഈ വൈറസിന് ഇന്ത്യയില്‍ കണ്ടുവരുന്ന തീവ്ര മസ്‌തിഷ്‌കവീക്കവുമായും ബന്ധമുണ്ട്. അണുവാഹകരായ സാൻഡ് ഫ്ലൈ കടിക്കുന്നതിലൂടെയാണ്‌ വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്നാണ് നിഗമനം. 9 മാസം മുതല്‍ 14 വയസ്സ്‌ വരെയുള്ള കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ചന്ദിപുര വെസിക്കുലോവൈറസ്‌ (സിഎച്ച്‌പിവി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍എന്‍എ വൈറസ്‌, പേവിഷബാധയുണ്ടാക്കുന്ന റാബിസ്‌ വൈറസിന്റെ കുടുംബമായ റാബ്‌ഡോവിറിഡയില്‍ ഉള്‍പ്പെടുന്നതാണ്.

Top