CMDRF

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പുണ്ടാവുകയും ഉപേക്ഷിക്കപ്പെട്ട വീടിന് തീയിടുകയും ചെയ്തു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്‌തേയി, ഹമര്‍ കമ്യൂണിറ്റികള്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ലാല്‍പാനി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടിനാണ് ആയുധങ്ങളുമായെത്തിയ ആള്‍ക്കൂട്ടം തീവെച്ചത്. ഉപേക്ഷിക്കപ്പെട്ട ചില കെട്ടിടങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും, പ്രദേശത്തെ സുരക്ഷാവീഴ്ച പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ആയുധങ്ങളുമായെത്തിയവര്‍ നിരവധി തവണ ഗ്രാമത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് സൂചന. വെടിവെപ്പുണ്ടായ ഉടന്‍ സുരക്ഷാസേന സംഭവസ്ഥലത്തേക്ക് എത്തി. അസമിലെ സി.ആര്‍.പി.എഫ് കേന്ദ്രത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ്‌തേയി ഹമര്‍ കമ്യൂണിറ്റികള്‍ കഴിഞ്ഞ ദിവസം ഒരു കരാറില്‍ ഒപ്പിട്ടിരുന്നു. ജിരിബാം ജില്ലാ ഭരണകൂടത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. താഡോ, പായ്‌റ്റെ, മിസോ കമ്യൂണിറ്റികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നായിരുന്നു കരാറിന്റെ ഉള്ളടക്കം. മണിപ്പൂരില്‍ ഇംഫാല്‍ താഴ്വരയില്‍ കുക്കി-മെയ്‌തേയ് സംഘര്‍ഷത്തില്‍ ഇതുവരെ 200ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു.

Top